‘ഏഴ് ലക്ഷം നൽകി, കാറും ചോദിച്ചു’; ലഖ്നൗവിൽ ഇൻഫ്ലുവൻസർ യുവതി മരിച്ച നിലയിൽ, കൊലപ്പെടുത്തിയതെന്ന് കുടുംബം

ലഖ്നൗ: സമൂഹമാധ്യമ ഇന്‍ഫ്ലുവന്‍സറായ യുവതിയെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാണ്‍പൂര്‍ നിവാസിയായ മാന്‍സി എന്ന യുവതിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരില്‍ മാന്‍സിയെ ഭര്‍ത്താവ് സാഗര്‍ രജ്പുതും മറ്റ് കുടുംബാംഗങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നും ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ത്തുവെന്നുമാണ് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്.2024-ലാണ് മാന്‍സിയും സാഗർ രജ്പുത്തും വിവാഹിതരായത്. ഇരുവരും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. സാഗറിന് ഇന്‍സ്റ്റഗ്രാമില്‍ ഏകദേശം 8 ലക്ഷം ഫോളോവേഴ്സുണ്ട്. വിവാഹസമയത്ത്, ഏഴ് ലക്ഷം രൂപയും മറ്റ് വീട്ടുപകരണങ്ങളും നല്‍കിയതായി യുവതിയുടെ കുടുംബം അവകാശപ്പെട്ടു. എന്നാല്‍ സാഗറിന്റെ കുടുംബം ഇതില്‍ തൃപ്തരായിരുന്നില്ലെന്നും ആരോപണമുണ്ട്.
കൂടുതല്‍ സ്ത്രീധനം ചോദിച്ചിരുന്നുവെന്നും കാര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും മാന്‍സിയുടെ കുടുംബം ആരോപിച്ചു. ഇവ നല്‍കാത്തതിന്റെ പേരില്‍ യുവതിക്ക് നിരന്തരം പരിഹാസങ്ങളും അപമാനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടാതെ വന്നപ്പോള്‍, മാന്‍സി ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയാക്കപ്പെട്ടുവെന്നും അവര്‍ ആരോപിച്ചു. പീഡനത്തെക്കുറിച്ച് തങ്ങളെ അറിയിച്ചിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ പലതവണ ലഖ്നൗവിലേക്ക് പോയിരുന്നുവെന്നും കുടുംബം പറഞ്ഞു.




