Uncategorized

മാസശമ്പളം 1.7 ലക്ഷം രൂപ, വിരമിക്കാൻ എട്ട് മാസം ബാക്കി; ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്‌ടറെ കൈയ്യോടെ പിടികൂടി ഗുജറാത്തിലെ വിജിലൻസ് സംഘം

അഹമ്മദാബാദ്: ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഗുജറാത്തിൽ ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ അനധികൃത ആസ്‌തികളുമായി വിജിലൻസിൻ്റെ പിടിയിലായി. ഗുജറാത്ത് ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറായ അശ്വിൻ ബി ചൗധരിയാണ് രണ്ട് കോടിയിലധികം രൂപയുടെ അനധികൃത സ്വത്ത് സമ്പാദന കേസിൽ ഗുജറാത്ത് വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോയുടെ പിടിയിലായത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിൻ്റെ വാഹനം തടഞ്ഞ് പരിശോധിച്ച വിജിലൻസ് സംഘം 5.51 ലക്ഷം രൂപ വാഹനത്തിനുള്ളിൽ നിന്നും കണ്ടെത്തി.സൗരോർജ്ജ പദ്ധതികൾക്കായുള്ള അനുമതി പത്രങ്ങൾ ഇദ്ദേഹം വളരെ വേഗത്തിൽ ഒപ്പിട്ട് അയച്ചുവരികയായിരുന്നു. പദ്ധതി പ്രദേശങ്ങളിൽ നേരിട്ടെത്തി പരിശോധിച്ച് വേണം അനുമതി നൽകാനെന്ന ചട്ടം പാലിക്കാതെയായിരുന്നു ഇത്. അടുത്ത കാലത്ത് ഇത്തരം 100 സർട്ടിഫിക്കറ്റുകൾ ഇദ്ദേഹം അനുവദിച്ചതായി കണ്ടെത്തി. തുടർന്ന് ഇദ്ദേഹത്തിൻ്റെ ഗാന്ധിനഗറിലെ സർക്കാർ ക്വാർട്ടേർസിലും സൂറത്തിലെ വേസുവിലുള്ള വിഐപി റോഡിലെ വസതിയിലും ഒരേസമയം വിജിലൻസ് സംഘം റെയ്‌ഡ് നടത്തി. ഇവിടെ നിന്നും കണക്കിൽ പെടാത്ത 2.64 കോടി രൂപയുടെ ആസ്‌തികൾ കൂടെ കണ്ടെത്തി. ഇതിൽ 1.76 കോടി രൂപ പണമായും 88.82 ലക്ഷം വിലമതിക്കുന്ന സ്വർണ-വെള്ളി ആഭരണങ്ങളും ഉൾപ്പെടുന്നു. ചൗധരിക്കെതിരെ കേസെടുത്ത വിജിലൻസ് സംഘം ഇദ്ദേഹത്തിൻ്റെ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കാൻ നടപടികൾ തുടങ്ങി.

ക്ലാസ് 1 ജീവനക്കാരനായ ഇദ്ദേഹത്തിന് പ്രതിമാസം 1.7 ലക്ഷം രൂപയായിരുന്നു ശമ്പളം. സർവീസിൽ നിന്ന് വിരമിക്കാൻ എട്ട് മാസം മാത്രമാണ് ബാക്കി. ഇദ്ദേഹം ഒപ്പിട്ട ഫയലുകളും, ഇതിലൂടെ അതിവേഗം അനുമതി പത്രം നേടിയവരെയും കേന്ദ്രീകരിച്ച് വിശദമായ അന്വേഷണത്തിനാണ് വിജിലൻസിൻ്റെ നീക്കം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button