Uncategorized

ശമ്പളമില്ലാതെ മൂന്ന് മാസം: ആയുഷ്‌മാൻ ആരോഗ്യ മന്ദിറിലെ ഡോക്‌ടർമാർ അടക്കം കടുത്ത പ്രതിസന്ധിയിൽ; ദില്ലിയിൽ വൻ വിവാദം

ദില്ലി: മുമ്പ് മൊഹല്ല ക്ലിനിക്കുകൾ എന്ന് അറിയപ്പെട്ടിരുന്ന ദില്ലിയിലെ ആയുഷ്മാൻ ആരോഗ്യ മന്ദിറുകളിലെ ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും കഴിഞ്ഞ മൂന്ന് മാസമായി ശമ്പളം ലഭിച്ചില്ല. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലെ വേതനമാണ് മുടങ്ങിയത്. ഡോക്ടർമാർ, ലബോറട്ടറി ടെക്നീഷ്യൻമാർ, സഹായികൾ എന്നിവരുൾപ്പെടെ ഏകദേശം 1000-ത്തോളം പേരുടെ ശമ്പളമാണ് മുടങ്ങിയതെന്നാണ് വിവരം. ശമ്പളത്തിൻ്റെ ഫണ്ട് അനുവദിക്കുന്നതിലെ കാലതാമസവും ഭരണപരമായ തടസ്സങ്ങളുമാണ് കാരണമായി പറയുന്നത്.

ദില്ലി സർക്കാർ ആരോഗ്യവകുപ്പും ധനകാര്യവകുപ്പും തമ്മിലുള്ള തർക്കങ്ങളും ഇതിന് പിന്നിലുണ്ടെന്ന് ആരോപണമുണ്ട്. ശമ്പളം മുടങ്ങിയതോടെ പല ജീവനക്കാരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. വീട്ടുവാടക നൽകാനോ നിത്യചെലവുകൾക്കോ പണമില്ലാത്ത അവസ്ഥയാണെന്ന് ഡോക്ടർമാർ പരാതിപ്പെടുന്നു. വിഷയം ഉന്നയിച്ച് അധികൃതർക്ക് കത്തയച്ചിട്ടുണ്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചിട്ടില്ല. ശമ്പളം മുടങ്ങിയിട്ടും ഭൂരിഭാഗം ക്ലിനിക്കുകളും നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഈ സാഹചര്യം തുടർന്നാൽ ആരോഗ്യ സേവനങ്ങളെ അത് ബാധിക്കുമെന്ന് ജീവനക്കാർ മുന്നറിയിപ്പ് നൽകുന്നു. ദില്ലിയിൽ സാധാരണക്കാർക്ക് പ്രാഥമിക ആരോഗ്യ സേവനങ്ങൾ നൽകുന്ന പ്രധാന കേന്ദ്രങ്ങളായിരുന്നു ആം ആദ്മി പാർട്ടി സർക്കാർ തുടക്കം കുറിച്ച മൊഹല്ല ക്ലിനിക്കുകൾ. പിന്നീട് ഇതിൻ്റെ പേര് ആയുഷ്‌മാൻ ആരോഗ്യ മന്ദിർ എന്നാക്കി മാറ്റുകയായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button