ജോലി ലഭിച്ചതിൽ സന്തോഷം, പുച്ഛിച്ച് തള്ളിയവർക്കുള്ള മറുപടിയാണിത്’; ഹർഷിന

കോഴിക്കോട്: തനിക്ക് പൂർണ്ണമായും നീതി ലഭിച്ചുവെന്നും അവഗണിച്ചവർക്കും പുച്ഛിച്ചവർക്കും ഉള്ള മറുപടിയാണ് തന്റെ ജോലിയെന്നും ഹർഷിന. ഒമ്പത് വർഷത്തോളം നീണ്ടുനിന്ന ദുരിതകാലമായിരുന്നു. നാലുവർഷത്തോളം സമരം ഇരുന്നു. തനിക്ക് ആരോഗ്യപരമായും മറ്റും വലിയ നഷ്ടമാണ് സംഭവിച്ചതെന്നും ഹർഷിന പറഞ്ഞു. നല്ല രീതിയിൽ മുന്നോട്ടു പോകുമായിരുന്ന ബിരുദ പഠനം പോലും നടന്നില്ല. അങ്ങോട്ട് ആവശ്യപ്പെടാതെയാണ് ജോലി നൽകിയത്. തുടർ ചികിത്സയും ഉറപ്പുനൽകി. ഇത് വലിയ ആശ്വാസമാണ് തനിക്ക് നൽകിയതെന്നും ഹർഷിന പറഞ്ഞു. ഒമ്പത് വർഷം മരണം മുന്നിൽകണ്ടു ജീവിച്ചുവെന്നും ഒടുവിൽ സത്യം ജയിച്ചുവെന്നും ഹർഷിന വ്യക്തമാക്കി.
യഥാർത്ഥ മുഖ്യമന്ത്രി എങ്ങനെയായിരിക്കണം എന്ന് വി ഡി സതീശൻ തെളിയിച്ചു. കേസിന്റെ കാര്യങ്ങൾ ചോദിക്കുമ്പോൾ തന്നെ എല്ലാം പരിഹരിച്ചു എന്ന മറുപടിയാണ് ലഭിച്ചത്. ഇത് അപ്രതീക്ഷിതമായിരുന്നു. ആരോഗ്യമന്ത്രിയും കൂടെ നിന്നുവെന്നും ഹർഷിന പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജോലിയിൽ പ്രവേശിക്കാൻ എത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുമായിരുന്നു ഹർഷിന.




