യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആദ്യമായി ഇന്ത്യയിൽ; നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും

കൊൽക്കത്ത: നാലു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. വൈകുന്നേരം ഡൽഹിയിൽ വെച്ചാണ് കൂടിക്കാഴ്ച. ഇന്ത്യയിലെ അമേരിക്കൻ അംബാസിഡർ സെർജിയോ ഗോർ എക്സ് പോസ്റ്റിൽ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വിവരം പങ്കുവെച്ചിട്ടുണ്ട്. വ്യാപാരം സാങ്കേതിക വിദ്യ, പ്രതിരോധം, ക്വാഡ് അടക്കം നിരവധി വിഷയങ്ങൾ വരു ദിവസങ്ങളിൽ ചർച്ചാകുമെന്നും ഈ വിഷയങ്ങളിൽ പുരോഗതി ഉണ്ടാകുമെന്നും ഗോർ എക്സ് പോസ്റ്റിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ന്യൂഡൽഹിയിൽ വെച്ച് മെയ് 26ന് നടക്കുന്ന ക്വാഡ് രാജ്യങ്ങളുടെ യോഗത്തിൽ പങ്കെടുക്കുകയാണ് മാർക്കോ റൂബിയോയുടെ ഇന്ത്യാ സന്ദർശനത്തിലെ പ്രധാനപ്പെട്ട അജണ്ട.
ഊർജ്ജ സഹകരണവുമായി ബന്ധപ്പെട്ട് ക്വാഡ് രാജ്യങ്ങൾ കൂടിക്കാഴ്ചയും ചർച്ചയും നടത്താനിരിക്കെ മാർക്കോ റൂബിയോയുടെ ഇന്ത്യാ സന്ദർശനത്തിന് വലിയ പ്രധാന്യമുണ്ട്. ഇന്ത്യയുമായുള്ള ഊർജ്ജ കയറ്റുമതി വികസിപ്പിക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് നേരത്തെ മാർക്കോ റൂബിയോ വ്യക്തമാക്കിയിരുന്നു.




