ചെണ്ടമേള സംഘത്തിന് നേർക്കുണ്ടായ ആക്രമണം, 6 പേർക്ക് വെട്ടേറ്റു, ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം : കോവളത്ത് ചെണ്ടമേള സംഘത്തിന് നേർക്കുണ്ടായ ആക്രമണത്തിൽ ആറ് പേർക്ക് വെട്ടേറ്റു. കോവളം കെ.എസ് റോഡ് ചെറുകോണത്താണ് ചെണ്ടമേള സംഘത്തിലെ പിതാവും മക്കളുമുൾപ്പെടെയുള്ള ആറംഗ സംഘത്തിനാണ് മാരകമായി വെട്ടേറ്റത്. മുൻ വൈരാഗ്യത്തെ തുടർന്നുള്ള ആക്രമണത്തിനു പിന്നിൽ കാപ്പാ കേസ് പ്രതിയും മാതാവും സഹോദിയുമുൾപ്പെട്ട സംഘമാണെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി എട്ട് മണിയോടെയുണ്ടായ സംഭവത്തിൽ ചാവടിനട സ്വദേശി അപ്പൂസ്(24), ചെറുകോണം സ്വദേശി പൊടിയൻ (55), മക്കളായ അനീഷ്(31), രാജേഷ്(29) അഭിലാഷ്, അശ്വിൻ എന്നിവർക്കാണ് പരുക്കേറ്റത്. സംഭവത്തിലെ നാലാം പ്രതി തിരുവല്ലം സ്വദേശിയും കോവളം സ്റ്റേഷനിലെ റൗഡിലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതുമായ ജിത്തു ലാൽ (33) നെ യാണ് കോവളം പൊലീസ് അറസ്റ്റ് ചെയ്തതു.
ടവർ വിഷ്‌ണുവെന്ന വിഷ്ണുവിന്‍റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു. സംഭത്തിൽ അനികുട്ടൻ, കാടഅപ്പു എന്നിവരെയും പ്രതിയാക്കി പൊലീസ് കേസെടുത്തു. ചെണ്ട മേളത്തിന് പോകാനായി സ്ത്രീകളുൾപ്പെട്ട സംഘം വാഹനത്തിൽ കയറിയപ്പോഴാണ് പ്രതികൾ ബൈക്കിലെത്തി ഇവരുമായി പ്രകോപനമില്ലാതെ വാക്കേറ്റവും ആക്രമണവും നടത്തിയതെന്ന് പൊലീസ് പറഞ്ഞു.അപ്പൂസിന് മാരകമായി മർദ്ദിച്ച ശേഷമാണ് വെട്ടിപ്പരിക്കേൽപ്പിച്ചതെന്ന് നാട്ടുകാർ പറഞ്ഞു പരുക്കേറ്റവരെ വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.




