വീണ്ടും ഇരുട്ടടി; രാജ്യത്ത് ഇന്ധനവില കൂട്ടി

ന്യൂഡൽഹി • പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പ്രതിസന്ധികൾ തുടരുന്നതിനിടെ ഇരുട്ടടിയായി രാജ്യത്ത് ഇന്ധന വില വർധന. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ച സാഹചര്യത്തിലാണ് നടപടി. 2.86 രൂപ മുതൽ 3.29 രൂപ വരെയാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 110.75 രൂപയും ഡീസൽ വില 99.63 രൂപയുമാണ്. ചെന്നൈയിൽ പെട്രോളിന് ലീറ്ററിന് 103.67 രൂപയും ഡീസലിന് 95.25 രൂപയുമാണ് പുതുക്കിയ വില. ഡൽഹിയിൽ പെട്രോളിന് 97.7 രൂപയും ഡീസലിന് 95.25 രൂപയുമാണ് വില. സിഎൻജി വില കിലോ രണ്ട് രൂപയും കൂട്ടി.
അഞ്ച് സംസ്ഥഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ അവസാനിച്ചതിന് പിന്നാലെയാണ് ഇപ്പോൾ വില വർധിപ്പിച്ചിരിക്കുന്നത്. ആഗോള വിപണിയിലെ അസംസ്കൃത എണ്ണയുടെ വിലക്കയറ്റവും വർധിച്ചുവരുന്ന ഇറക്കുമതിച്ചെലവുമാണ് ഇന്ത്യയെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിലും ഗുജറാത്ത്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലും വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ ജനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.




