‘മന്ത്രിക്ക് വീഴ്ച സംഭവിക്കുന്നത് സ്വാഭാവികം, പ്രശ്‌നം പ്രതികരണം’;ആറന്മുളയിൽ CPIMഅണികൾ വോട്ട് ചെയ്തെന്ന് അബിൻ

പത്തനംതിട്ട: ആറന്മുളയിലെ വികസന മുരടിപ്പ് യുഡിഎഫിന് വോട്ടായി മാറിയെന്ന് നിയുക്ത എംഎല്‍എ അബിന്‍ വര്‍ക്കി. സിപിഐഎം അണികള്‍ യുഡിഎഫിന് കള്ളവോട്ട് ചെയ്‌തെന്ന് അബിന്‍ വര്‍ക്കി പറഞ്ഞു. ആറന്‍മുള ഇടത് കോട്ടയല്ലെന്നും അബിന്‍ വര്‍ക്കി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. മന്ത്രിക്ക് വീഴ്ച സംഭവിക്കുന്നത് സ്വാഭാവികമാണെന്നും വീഴ്ചയ്ക്ക് ശേഷം മന്ത്രിയുടെ പ്രതികരണമാണ് പ്രശ്നമെന്നും അബിന്‍ വര്‍ക്കി പറഞ്ഞു.
‘മന്ത്രി ജനങ്ങളെ പുച്ഛിക്കുന്നത് പോലെ തോന്നി. സ്ത്രീകളാണ് യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തത്. എന്നെ എംഎല്‍എ ആക്കാനല്ല ജനം വോട്ട് ചെയ്തത്. ആറന്മുളയില്‍ വലിയ ടൂറിസം സാധ്യതയുണ്ട്. ടൂറിസം വികസനത്തിന് പ്രഥമ പരിഗണന നല്‍കും. എല്ലാം വര്‍ക്കാകാന്‍ പരിശ്രമിക്കും. ഗ്രാമീണ റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നു’, അബിന്‍ വര്‍ക്കി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയാണ് എല്‍ഡിഎഫ് നേരിട്ടത്. യുഡിഎഫ് 102 സീറ്റില്‍ വിജയിച്ച് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. എല്‍ഡിഎഫിന് 35 സീറ്റും ലഭിച്ചത്. സംസ്ഥാനത്തിന്റ ചരിത്രത്തിലാദ്യമായി എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റും ലഭിച്ചു.
കോണ്‍ഗ്രസ്-63, മുസ്‌ലിം ലീഗ്-22, കേരളാ കോണ്‍ഗ്രസ്-7, സ്വതന്ത്രര്‍-4, ആര്‍എസ്പി-3, ആര്‍എംപി-1, കേരള കോണ്‍ഗ്രസ് ജേക്കബ്-1, സിഎംപി-1 എന്നിങ്ങനെയാണ് യുഡിഎഫിന്റെ വോട്ട് നില. സിപിഐഎം-26, സിപിഐ-8, ആര്‍ജെഡി-1 എന്നിങ്ങനെയാണ് എല്‍ഡിഎഫ് വോട്ട് നില. ബിജെപി നേമം, കഴക്കൂട്ടം, ചാത്തന്നൂര്‍ മണ്ഡലങ്ങളിലാണ് വിജയിച്ചത്.എല്‍ഡിഎഫിന്റെ 13 മന്ത്രിമാണ് പരാജയപ്പെട്ടത്. പി രാജീവ്, എം ബി രാജേഷ്, വി ശിവന്‍കുട്ടി, വി എന്‍ വാസവന്‍, ആര്‍ ബിന്ദു, വീണാ ജോര്‍ജ്, ഒ ആര്‍ കേളു, കെ ബി ഗണേഷ്‌കുമാര്‍, ജെ ചിഞ്ചുറാണി, എ കെ ശശീന്ദ്രന്‍, വി അബ്ദുറഹിമാന്‍, റോഷി അഗസ്റ്റിന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നീ മന്ത്രിമാരാണ് പരാജയപ്പെട്ടത്. പിണറായി വിജയന്‍, കെ എന്‍ ബാലഗോപാല്‍, സജി ചെറിയാന്‍, മുഹമ്മദ് റിയാസ്, കെ രാജന്‍, ജി ആര്‍ അനില്‍, പി പ്രസാദ് എന്നിവര്‍ മാത്രമാണ് മന്ത്രിമാരില്‍ വിജയിച്ചത്. ആറ് റൗണ്ടുകളില്‍ ധര്‍മ്മടത്ത് പിണറായി വിജയന്‍ പിന്നിലായത് കനത്ത തിരിച്ചടിയാണ്.
അതേസമയം അഞ്ച് ജില്ലകള്‍ സമ്പൂര്‍ണമായും യുഡിഎഫ് വിജയിച്ചു. മലപ്പുറം, വയനാട്, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകള്‍ യുഡിഎഫ് തൂത്തുവാരി.




