എറണാകുളത്ത് സ്വകാര്യ ബസ് ജീവനക്കാരുടെ ലഹരി ഉപയോഗം; ബസ് ഉടമകളുടെ അറിവോടെയെന്ന് ശബ്ദ സന്ദേശം

എറണാകുളം ആലുവയിലെ സ്വകാര്യ ബസ് ജീവനക്കാരുടെ ലഹരി ഇടപാടുകൾ ബസ് ഉടമകളുടെ അറിവോടെയെന്ന് ശബ്ദ സന്ദേശം. മദ്യപിച്ച് യാത്രകാരുമായി ബാരിസ്റ്റർ എന്ന ബസോടിച്ച ഡ്രൈവർ ജൂഡ്ബിൻ ആന്റണി കഴിഞ്ഞ ദിവസം ഫോർട്ട് കൊച്ചി പോലീസിന്റെ പിടിയിലായിരുന്നു. ഇതേ ബസ്സിന്റെ ഉടമകളിൽ ഒരാളുടെ വാട്ട്സ്ആപ്പ് ഓഡിയോ ആണ് ചോർന്നത്. ഗവൺമെന്റ് ഉദ്യോഗസ്ഥരും അഭിഭാഷകരും ബിനാമികളെ മുൻനിർത്തി നിരത്തിൽ ബസ് ഇറക്കുന്നു. ആർസി ബുക്കിൽ പഴയ ഉടമയുടെ പേര് നിലനിർത്തിയാണ് അധികാരികളുടെ കണ്ണിൽ പൊടിയിടുന്നത്. കൊച്ചിയിൽ ഐഎസ്ആർഒയിലെ ജീവനക്കാരനും സ്വകാര്യ ബസ് ഉടമയാണ്. സ്വകാര്യ ബസ് ജീവനക്കാരുടെ ലഹരി ഉപയോഗം സംബന്ധിച്ച വിവരങ്ങൾ തെളിവുകൾ അടക്കം നേരത്തെ പുറത്തുവിട്ടിരുന്നു.
ബസ് ജീവനകാർക്ക് ഇടയിലെ ലഹരി ഉപയോഗം വ്യക്തമാക്കുന്ന ശബ്ദ സന്ദേശം കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ലഹരി ഉപയോഗത്തിനെതിരെയുള്ള സ്പെഷ്യൽ ഡ്രൈവ് തുടരുമെന്ന് ആലുവ ജോയിന്റ് ആർടിഒ അഫ്സൽ അലി പറഞ്ഞിരുന്നു. പ്രത്യേക ടീമിനെ രൂപീകരിച്ചാണ് ജില്ലയിൽ പരിശോധന നടത്തുന്നത്. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു.




