Uncategorized

ഇത് കെഎസ്ആർടിസിയുടെ കാലമല്ലേ..! ചരിത്രത്തിലാദ്യമായി 1.19 കോടി രൂപ വരുമാനം, പ്രതിദിനയാത്രക്കാരുടെ എണ്ണം ഒരു ലക്ഷമായെന്നും മന്ത്രി

കൊല്ലം: കെഎസ്ആർടിസിയിലെ പ്രതിദിനയാത്രക്കാരുടെ എണ്ണം ഒരു ലക്ഷമായി വർധിക്കുകയും ചരിത്രത്തിലാദ്യമായി 1.19 കോടി രൂപ വരുമാനവും ലഭിച്ചെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. പുനലൂർ കെഎസ്ആർടിസി ഡിപ്പോയിൽനിന്ന് പുതുതായി ആരംഭിക്കുന്ന വിവിധ സർവീസുകളുടെ ഉദ്‌ഘാടനവും ഡിപ്പോയുടെ നവീകരണത്തിനായി അഞ്ചു കോടി രൂപയുടെ പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ വിവിധ ബസ് സ്റ്റേഷനുകളുടെ വികസനത്തിന് സർക്കാർ 120 കോടി രൂപ വകയിരുത്തി.

കൊട്ടാരക്കര, കായംകുളം, തൃശ്ശൂർ, കൊല്ലം, ആറ്റിങ്ങൽ, എറണാകുളം, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി എന്നീ സ്റ്റേഷനുകളുടെ നവീകരണ പ്രവർത്തികൾ ഉടനെ ആരംഭിക്കും. പുനലൂർ, ആര്യങ്കാവ്, കുളത്തൂപ്പുഴ എന്നീ ഡിപ്പോകളിൽ കമ്പ്യൂട്ടറൈസേഷൻ നടപ്പാക്കാൻ ഭരണാനുമതിയായി. പുനലൂരിലെ മലയോര പ്രദേശങ്ങളിലേക്ക് സർക്കുലർ സർവീസ് ഏർപ്പെടുത്തി; വിജയമായാൽ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. കിഴക്കൻ മലയോര പ്രദേശങ്ങളിലും തീരപ്രദേശത്തുമുള്ള യാത്രക്കാർക്ക് കൂടുതൽ മിനി ബസ് സർവീസ് ഏർപ്പെടുത്തും.

ജീവനക്കാർക്കായി ഒരു കോടി രൂപയുടെ ഇൻഷുറൻസ് പദ്ധതി നടപ്പാക്കി. ട്രാവൽ കാർഡ് പദ്ധതിയുടെ ഭാഗമായി അഞ്ചു ലക്ഷം കാർഡുകൾ പുറത്തിറക്കും. ഡിപ്പോകളിലെ പ്രവർത്തനം മെച്ചപ്പെടുത്താനും സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കാനും സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കും; ജീവനക്കാർക്ക് ശീതീകരിച്ച വിശ്രമ മുറികൾ ഒരുക്കി. പുതുതായി ആരംഭിച്ച പല സർവീസുകൾക്കും മികച്ച പ്രതികരണം ലഭിക്കുകയാണ്. മൂന്നാറിൽ തുടങ്ങിയ ഡബിൾ ഡെക്കർ ബസ് സർവീസിലൂടെ കെ എസ് ആർ ടി സിക്ക് ലഭിക്കുന്ന പ്രതിദിന ലാഭം 48,000 രൂപയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button