‘വീട്ടിൽപറയുമെന്ന് പറഞ്ഞപ്പോൾ കുളത്തിലേക്ക് തള്ളിയിട്ടു’; 6 വയസുകാരന്റെ കൊലപാതകം, നിർണായകമായി സിസിടിവി ദൃശ്യം

തൃശ്ശൂർ: മാള കീഴൂരിലെ ആറു വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയത് തെളിവെടുപ്പിനിടെ പോലീസിന് മുന്നിൽ കൂസലില്ലാതെ വിവരിച്ച് പ്രതി ജോജോ. നാട്ടുകാരുടെ കനത്ത രോഷത്തിനിടെ പ്രതി ആറു വയസ്സുകാരനെ മുക്കിക്കൊന്ന കുളക്കരയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി പോലീസ്. കൊല്ലപ്പെട്ട 6 വയസ്സുകാരന്റെ മൃതദേഹം വൈകിട്ടോടെ കുഴൂരിലെ ഇടവക പള്ളിയിൽ സംസ്കരിക്കും.
തിരിച്ചറിവുണ്ടാകുന്ന പ്രായത്തിന് മുമ്പ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായി അരുംകൊല ചെയ്യപ്പെട്ട ആറു വയസ്സുകാരന്റെ മരണത്തിലുള്ള രോഷം അടങ്ങുന്നില്ല കുഴൂരിലെ നാട്ടുകാർക്ക്. പ്രതി ജോജോയെ തെളിവെടുപ്പിന് എത്തിച്ച ഓരോ ഘട്ടത്തിലും അവർ ആക്രോശിച്ച് ആഞ്ഞടുത്തു. ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് പ്രതിയുമായുള്ള പോലീസ് സംഘം ആറു വയസ്സുകാരന്റെ വീടും കടന്ന് കൊലപാതകം നടന്ന ജാതി തോട്ടത്തിനോട് ചേർന്ന് കുളക്കരയിലേക്ക് എത്തിയത്. നാട്ടുകാരെ വകഞ്ഞു മാറ്റി വഴിയൊരുക്കി പോലീസ് സംഘം. കുളക്കരയിൽ എത്തിയപ്പോൾ കൂസലേതും കൂടാതെ നടന്ന കുറ്റകൃത്യം പ്രതി വിവരിച്ചു.




