Uncategorized

സിപിഎമ്മിൻ്റെ ബ്രഹ്മഗിരി സൊസൈറ്റി നിക്ഷേപ തട്ടിപ്പ്: പാർട്ടി പതാകയും പെട്രോളുമായി നിക്ഷേപകൻ്റെ ആത്മഹത്യാ ഭീഷണി

വയനാട്: സി.പി.എം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സഹകരണ സൊസൈറ്റിയിലെ നിക്ഷേപ തട്ടിപ്പിനെതിരെ പാർട്ടി പ്രവർത്തകൻ ആത്മഹത്യാ ഭീഷണിയുമായി രംഗത്ത്. തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയിരിക്കെ, സംസ്ഥാന സർക്കാരിനും സിപിഎമ്മിനും പ്രതിസന്ധിയിലാക്കി. 14 ലക്ഷം രൂപ തിരികെ ലഭിക്കാനുണ്ടെന്ന് അവകാശപ്പെടുന്ന നൗഷാദ് എന്ന പാർട്ടി പ്രവർത്തകനാണ് സി.പി.എം പതാകയും പെട്രോളുമായി ബ്രഹ്മഗിരി ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തിയത്. പണം തിരികെ കിട്ടിയില്ലെങ്കിൽ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് പെട്രോൾ ഒഴിച്ച് ജീവിതം അവസാനിപ്പിക്കുമെന്ന് ഇയാൾ ഭീഷണി മുഴക്കി. ബ്രഹ്മഗിരി സൊസൈറ്റി ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച നൗഷാദിനെ പോലീസ് തടയുകയും ഇയാളുടെ പക്കലുണ്ടായിരുന്ന പെട്രോളും പാർട്ടി പതാകയും പിടിച്ചെടുക്കുകയും ചെയ്തു.

സി.പി.എം നേതാക്കളെ രൂക്ഷമായ ഭാഷയിലാണ് നൗഷാദ് വിമർശിച്ചത്. “പാർട്ടി നേതാക്കൾ കള്ളന്മാരാണെന്നും പാർട്ടി ഓഫീസിൽ വെച്ചാണ് തൻ്റെ കൈയിൽ നിന്ന് 16 ലക്ഷം രൂപ വാങ്ങിയത്” എന്നും നൗഷാദ് ആരോപിച്ചു. 14 ലക്ഷം രൂപ കൂടി തനിക്ക് കിട്ടാനുണ്ട്. ബ്രഹ്മഗിരിയുടെ മറവിൽ വലിയ രീതിയിലുള്ള കള്ളപ്പണം വെളുപ്പിക്കൽ നടക്കുന്നുണ്ടെന്ന് താൻ നേരത്തെ തന്നെ ആരോപിച്ചിരുന്നതായും ഇയാൾ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറിക്കും നേരിട്ട് പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും, ക്ലിഫ് ഹൗസിൽ വെച്ചാണ് തന്നെ നേതാക്കൾ പറ്റിച്ചതെന്നും നൗഷാദ് മാധ്യമങ്ങളോട് തുറന്നടിച്ചു. ഒരു കാലത്ത് പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്ന നൗഷാദ് ഇത്രയും കടുത്ത നിലപാട് സ്വീകരിച്ചത് അണികൾക്കിടയിലും വലിയ ചർച്ചയായിട്ടുണ്ട്. സംഭവസ്ഥലത്ത് വൻ പോലീസ് സന്നാഹമാണ് ക്യാമ്പ് ചെയ്യുന്നത്. ബ്രഹ്മഗിരി സൊസൈറ്റിയുമായി ബന്ധപ്പെട്ട് ഉയരുന്ന സാമ്പത്തിക ക്രമക്കേടുകൾ സംസ്ഥാന തലത്തിൽ തന്നെ ചർച്ചയാക്കാൻ ഈ സംഭവം ഇടയാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button