Uncategorized

മധുസൂദനന്‍ വിയര്‍ക്കുമോ? പയ്യന്നൂരില്‍ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് വി കുഞ്ഞികൃഷ്ണന്‍

കണ്ണൂര്‍: പയ്യന്നൂരില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മുന്‍ സിപിഐഎം നേതാവ് വി കുഞ്ഞികൃഷ്ണന്‍. താന്‍ തുടങ്ങി വച്ച പോരാട്ടം തുടരാന്‍ മത്സരിക്കേണ്ടത് അനിവാര്യമാണെന്ന് കുഞ്ഞികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആരോപണ വിധേയനായ വ്യക്തിയെ മത്സരിപ്പിക്കാന്‍ ഇടതുപക്ഷം തയ്യാറാകില്ല എന്നായിരുന്നു കരുതിയത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുക അല്ലാതെ മറ്റ് മാര്‍ഗമില്ല എന്നതാണ് സാഹചര്യമെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിക്ക് എതിരായ പോരാട്ടം ആണിതെന്നും ഇടതുപക്ഷത്തിന് എതിരായ പോരാട്ടം അല്ലെന്നും കുഞ്ഞികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ‘പയ്യന്നൂരിലെ സ്ഥാനാര്‍ത്ഥിയെ ഇടതുപക്ഷമായി കാണുന്നില്ല. ഒരു ഇടതുപക്ഷക്കാരനെ പോലെ അല്ല അദ്ദേഹത്തിന്റെ ഇടപെടല്‍. ഒരു ഇടതുപക്ഷക്കാരന് എങ്ങനെ ആണ് രക്തസാക്ഷി ഫണ്ട് അപഹരിക്കാന്‍ കഴിയുക. മാഫിയ സംഘത്തിന്റെ കയ്യില്‍ നിന്ന് ഇടതുപക്ഷത്തെ രക്ഷിച്ചെടുക്കുക എന്നതാണ് എന്റെ ലക്ഷ്യം. പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ നിരന്തരം മത്സരിക്കണം എന്ന് എന്നോട് ആവശ്യപ്പെട്ടു. ഒരു മുന്നണിയുടെയും സ്ഥാനാര്‍ത്ഥി ആയി മത്സരിക്കാന്‍ ഇല്ല’, കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

സിപിഐഎം സ്ഥാനാര്‍ത്ഥിയായി പയ്യന്നൂരില്‍ ടി ഐ മധുസൂദനന്‍ എംഎല്‍എയെ പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ വി കുഞ്ഞികൃഷ്ണന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവന്നിരുന്നു. ടി ഐ മധുസൂദനനെതിരെ ഫണ്ട് തട്ടിപ്പ് ആരോപണമുന്നയിച്ചയാളാണ് കുഞ്ഞികൃഷ്ണന്‍.
ധനരാജ് രക്തസാക്ഷി ഫണ്ടിലും പയ്യന്നൂരിലെ ഏരിയാ കമ്മിറ്റി ഓഫീസ് നിര്‍മാണ ഫണ്ടിലുമടക്കം വന്‍ തിരിമറി നടന്നുവെന്നായിരുന്നു മുന്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്ന വി കുഞ്ഞികൃഷ്ണന്റെ ആരോപണം. ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ പാര്‍ട്ടി പിരിച്ച ഫണ്ടില്‍ തിരിമറി നടന്നുവെന്നും ഒരു കോടി പിരിച്ചതില്‍ 46 ലക്ഷം രൂപ പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് തട്ടിയെടുത്തെന്നും പാര്‍ട്ടിക്ക് തെളിവ് നല്‍കിയിട്ടും നടപടി എടുത്തില്ലെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞിരുന്നു. വിഷയം വിവാദമായതോടെ കുഞ്ഞികൃഷ്ണനെ സിപിഐഎം പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയിരുന്നു.
നിലവില്‍ കുഞ്ഞികൃഷ്ണനെ യുഡിഎഫ് പിന്തുണക്കുമോ എന്നതില്‍ വ്യക്തതയില്ല. അതേസമയം അമ്പലപ്പുഴയില്‍ മത്സരിക്കാനിറങ്ങുന്ന ജി സുധാകരനെ പിന്തുണയ്ക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല. ഇതോടെ അമ്പലപ്പുഴയില്‍ മത്സരിക്കും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന എം ലിജുവിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രതിസന്ധിയിലായി. എന്നാല്‍ നാട്ടികയില്‍ സിപിഐ വിട്ട സി സി മുകുന്ദനെ പിന്തുണക്കില്ലെന്നതാണ് കോണ്‍ഗ്രസ് തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button