പക ഇരട്ടിപ്പിച്ചത് അലുവ അതുലിന്റെ റീല്‍; ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവില്‍ കൊലപാതകം

കോട്ടയം: കൊലക്കേസ് പ്രതിയായ അലുവ അതുലിനെ ഗുണ്ടാ സംഘം വെട്ടിക്കൊന്നത് ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവില്‍. കരുനാഗപ്പളളിയില്‍ മുന്‍കൂട്ടി തീരുമാനിച്ച സ്ഥലത്തെത്തിയപ്പോഴാണ് അതുല്‍ സഞ്ചരിച്ച കാറിനെ ഒരുവശത്തുനിന്നും തട്ടി റോഡരികിലെ കുഴിയിലേക്ക് തളളിയിട്ടത്. പൊലീസ് സ്റ്റേഷനില്‍ ഒപ്പിട്ട് തിരികെ മടങ്ങുമ്പോള്‍ അതുലിന്റെ കാറിന് മുന്നിലായി രണ്ട് കാറുകള്‍ സഞ്ചരിച്ചിരുന്നു. അതുലിന്റെ വാഹനത്തിന്റെ വേഗം നിയന്ത്രിക്കാനായിരുന്നു ഇത്. അതുലിന്റെ കാര്‍ കുഴിയിലേക്ക് വീണതോടെ മറ്റ് രണ്ട് വാഹനങ്ങളില്‍ നിന്നും പുറത്തിറങ്ങിയവര്‍ ആയുധങ്ങള്‍ ഉപയോഗിച്ച് അതുലിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഏറെ നാളായി അതുലിനെ കൊലപ്പെടുത്താന്‍ സംഘം പദ്ധതിയിട്ടിരുന്നു. ഇത് മനസിലാക്കിയ അതുല്‍ പകരം വീട്ടാനിരിക്കുന്നവരോട് പറയാനുളളതെന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ റീലും ഇറക്കിയിരുന്നു. ഇത് പ്രതികളുടെ പക ഇരട്ടിപ്പിച്ചു. മുഖം മറയ്ക്കാതെയാണ് പ്രതികള്‍ അതുലിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.
കുറ്റകൃത്യം നടന്ന് മണിക്കൂറുകള്‍ക്കകം പൊലീസ് പ്രതികളെ കണ്ടെത്തി. കൊലപാതകത്തിന് ശേഷം കാറില്‍ കൊല്ലത്തുനിന്നും കടന്നുകളഞ്ഞ ഇവര്‍ വിവിധ സ്ഥലങ്ങളില്‍ ചുറ്റിത്തിരിഞ്ഞ ശേഷം തമിഴ്നാട്ടിലേക്ക് കടക്കാന്‍ ലക്ഷ്യമിട്ടാണ് മുണ്ടക്കയത്ത് എത്തിയത്. പ്രതികളെ രഹസ്യമായി പിന്തുടര്‍ന്ന പൊലീസ് മുരിക്കുംവയല്‍ ഗവ. സ്കൂളിന് സമീപത്തുളള റോഡില്‍ നിന്നുമാണ് സംഘത്തെ പിടികൂടിയത്. കരുനാഗപ്പളളി സ്വദേശി വിഷ്ണു, കുലശേഖരപുരം സ്വദേശികളായ അനീര്‍, മുഹമ്മദ് ആഷിക്, ഹുസൈന് എന്നിവരെയാണ് മുണ്ടക്കയത്തുനിന്നും പിടികൂടിയത്.
ജിം സന്തോഷ് കൊലക്കേസിൽ അതുലിന് ജാമ്യം ലഭിച്ചത് മാർച്ച് ഏഴിനാണ്. ശേഷം തൊട്ടടുത്ത ശനിയാഴ്ച രാവിലെ അതുൽ കരുനാഗപ്പള്ളി സ്റ്റേഷനിൽ ഹാജരായി മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ജാമ്യത്തിലിറങ്ങിയാൽ എല്ലാ ശനിയാഴ്ചയും പൊലീസിനു മുന്നിൽ ഹാജരാകാൻ ആയിരുന്നു ഹൈക്കോടതി ഉത്തരവ്. ഇത് കൃത്യമായി മനസിലാക്കിയാണ് പ്രതികൾ ആക്രമണം ആസൂത്രണം ചെയ്തത്. അക്രമിസംഘം സ്റ്റേഷന് പുറത്ത് പലയിടങ്ങളിലായി നില ഉറപ്പിച്ചിരുന്നു. അതുൽ സ്റ്റേഷനിൽ എത്തിയത് രാവിലെ 10.30 ന് ശേഷമാണ്. പതിനൊന്ന് മണിയോടെ സ്റ്റേഷനിൽ ഇറങ്ങി, പിന്നാലെ 17 മിനിറ്റിനുള്ളിൽ ആക്രമണം നടത്തി.
പ്രതികൾ കൃത്യം നടത്തിയത് കൊല്ലുക എന്ന ഉദ്ദേശത്തോടെയാണ് എന്ന് വ്യക്തമാക്കുന്നതാണ് ആസൂത്രണം. പ്രതികളുടെ സുഹൃത്ത് അനീറിനെ അതുൽ കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം എന്നാണ് എഫ്ഐആറിൽ ഉള്ളത്. അനീറിനെ ആക്രമിച്ചതിന് പിന്നാലെ അതുലിന് ഒരുവർഷംകൊണ്ട് തിരിച്ച് പണി നൽകുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് വിവരം.



