പാചകവാതക ക്ഷാമത്തിനിടെ സിലിണ്ടർ മോഷണം; ചാലയിലെ ഹോട്ടലിൽ നിന്നുള്ള കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: രാജ്യത്ത് പാചകവാതക ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ തിരുവനന്തപുരത്ത് സിലിണ്ടർ മോഷണം. ചാലയിലെ ആര്യശാലയിലെ വിഎസ് ഹോട്ടലിൽ നിന്നാണ് സിലിണ്ടർ കവർന്നത്. ഇന്ന് പുലർച്ചെയായിരുന്നു മോഷണം. സംഭവത്തിൽ ഹോട്ടലുടമ ഫോർട്ട് പൊലീസിൽ പരാതി നൽകി. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അതേസമയം, ഗാർഹിക പാചക വാതക വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പറഞ്ഞു. പ്രതിസന്ധി മറികടക്കാൻ ഇടപെടേണ്ടത് കേന്ദ്രമാണ്. സുരേഷ് ഗോപി ഉൾപ്പടെയുള്ളവർ കണ്ണു തുറക്കണമെന്നും ജി.ആർ. അനിൽ പറഞ്ഞു. പാചകവാതക ക്ഷാമം രൂക്ഷമായതോടെ കൊച്ചിയിൽ ഇതുവരെ 2500ഓളം ഹോട്ടലുകളാണ് പൂട്ടിയത്.
എൽപിജി ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ പാചകത്തിന് ബദൽ മാർഗങ്ങൾ സ്വീകരിക്കണമെന്നാണ് കേന്ദ്രസർക്കാരിന്റെ നിർദേശം. കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കണം. സംസ്ഥാനങ്ങൾക്ക് കൂടുതൽ മണ്ണെണ്ണ നൽകുമെന്നും കേന്ദ്രം സർക്കാർ അറിയിച്ചു. നിലവിൽ ഗ്രാമീണമേഖലയിൽ സിലിൻഡർ ബുക്കിങ്ങിനുള്ള ഇടവേള 25ൽ നിന്ന് 45 ദിവസമായി വർധിപ്പിച്ചിട്ടുണ്ട്.
ഹോർമുസ് കടലിടുക്ക് അടച്ചത് പാചകവാതകത്തിന്റെ ആഭ്യന്തര വിതരണത്തെ ബാധിച്ചെന്നും രാജ്യം മുൻപെങ്ങും കാണാത്ത സാഹചര്യമാണിതെന്നുമാണ് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കുന്നത്. എന്നാൽ രാജ്യത്തെവിടെയും എൽപിജി ലഭ്യത ഇല്ലാതായിട്ടില്ലെന്നും ബുക്കിങ് പലമടങ്ങ് വർധിച്ചത് പരിഭ്രാന്തിയെത്തുടർന്നാണെന്നുമാണ് മന്ത്രാലയം വിശദീകരിക്കുന്നത്.



