കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിന് വായ്പാനുമതി; ഒപ്പം വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലും ശമ്പള പരിഷ്കരണം

കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ ബോർഡ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടൽ നടത്തുന്നു. ബോർഡിലെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും മുടങ്ങാതെ വിതരണം ചെയ്യുന്നതിനായി, സർക്കാർ ഗ്യാരണ്ടി നൽകിക്കൊണ്ട് വിവിധ ക്ഷേമ ബോർഡുകളിൽ നിന്ന് വായ്പയെടുക്കാൻ അനുമതി നൽകി.
പെൻഷനും മറ്റു ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിന് സർക്കാർ ഗ്യാരണ്ടി നൽകി വിവിധ ബോർഡുകളിൽ നിന്നും വായ്പയെടുക്കുന്നതിനും അനുമതി നൽകി. കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് – 100 കോടി രൂപ, കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി – 185 കോടി രൂപ, മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് വായ്പയായി നൽകുമെന്ന് അറിയിച്ച 50 കോടി രൂപയുമാണ് നൽകുക.
അതേസമയം, വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലും ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നുണ്ട്. സംസ്ഥാനത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ആശ്വാസമായി പതിനൊന്നാം ശമ്പള പരിഷ്കരണമാണ് സർക്കാർ അനുവദിച്ചത്. കേരള അക്വാകൾച്ചർ ഡെവലപ്മെന്റ് ഏജൻസി (അഡാക്ക്)- ലെ റെഗുലറൈസ് ചെയ്ത തസ്തികകളിലെ 28 ജീവനക്കാർക്കും പതിനൊന്നാം ശമ്പള പരിഷ്കരണവും അനുവദിച്ചു.
റെഗുലറൈസ് ചെയ്ത 36 ഫാം ലേബറർമാർക്കും പതിനൊന്നാം ശമ്പള പരിഷ്കരണം അനുവദിക്കും. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിലെ സ്ഥിരം തസ്തികകളിലെ സ്ഥിരം ജീവനക്കാർക്കും ശമ്പള പരിഷ്കരണം അനുവദിക്കും.




