ഒരുപാട് ത്യാഗങ്ങൾ അനുഭവിച്ച് കയറി വന്നവനാണ്, മുഖത്ത് മുണ്ടിട്ട് പേടിപ്പിക്കാൻ നോക്കേണ്ട: സി സി മുകുന്ദൻ

തൃശൂർ: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സിപിഐ പുറത്താക്കിയതിന് പിന്നാലെ പ്രതികരിച്ച് സി സി മുകുന്ദന് എംഎല്‍എ. നടപടി പ്രതീക്ഷിച്ചിരുന്നതാണെന്നും അതില്‍ ഭയപ്പെടുന്നില്ലെന്നും സി സി മുകുന്ദന് പറഞ്ഞു. ഒരുപാട് ത്യാഗങ്ങള്‍ അനുഭവിച്ച് കയറി വന്നയാളാണ് താന്‍. മുഖത്ത് മുണ്ടിട്ട് പേടിപ്പിക്കാന്‍ നോക്കേണ്ട. നാട്ടികയില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്നും സി സി മുകുന്ദന് പറഞ്ഞു. റിപ്പോര്‍ട്ടറിനോടായിരുന്നു സി സി മുകുന്ദന്റെ പ്രതികരണം.
പേയ്മെന്റ് സീറ്റ് എന്നുള്ള ആരോപണം ഇനിയും പറയും. കാര്യങ്ങള്‍ വ്യക്തമാക്കി മനസിലാക്കിക്കൊണ്ടാണ് അത്തരത്തിലൊരു ആരോപണം ഉന്നയിച്ചത്.
എന്ത് പ്രതിസന്ധിയെയും നേരിടാന്‍ തയ്യാറാണ്. നാട്ടിക മണ്ഡലം കമ്മിറ്റിയില്‍ നിന്ന് വിടപറയുകയാണെന്നും സി സി മുകുന്ദന് പറഞ്ഞു. പത്ത് വര്‍ഷം കൊണ്ട് ഗീതാ ഗോപി എന്താണ് ചെയ്തതെന്ന് ജനങ്ങള്‍ മനസിലാക്കിയതാണ്. അന്ന് തന്നെ മത്സരിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് പാര്‍ട്ടി പറഞ്ഞതാണ്. അത് താന്‍ ഇപ്പോള്‍ പറയുന്നില്ല. ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. അവര്‍ ഇതെല്ലാം വിലയിരുത്തും. തെരഞ്ഞെടുപ്പില്‍ ജയിക്കുമോ തോല്‍ക്കുമോ എന്നുള്ളത് വിഷയമല്ല. പ്രതിഷേധം രേഖപ്പെടുത്താനും ജനങ്ങളെ ബോധ്യപ്പെടുത്താനുമാണ് താന്‍ ശ്രമിച്ചതെന്നും സി സി മുകുന്ദന് വ്യക്തമാക്കി.
ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു സി സി മുകുന്ദനെതിരായ സിപിഐയുടെ നടപടി. മുകുന്ദനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. പാര്‍ട്ടി വരുദ്ധ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി നാട്ടിക എംഎല്‍എയായി പ്രവര്‍ത്തിക്കുന്ന സി സി മുകുന്ദന് നിരന്തരമായി പാര്‍ട്ടി അച്ചടക്കം ലംഘിച്ചുകൊണ്ട് പാര്‍ട്ടിവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ഇത്തരം അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി പല തവണകളില്‍ അച്ചടക്കനടപടി സ്വീകരിച്ചുകൊണ്ട് തിരുത്തല്‍ വരുത്താന്‍ പാര്‍ട്ടി ശ്രമിച്ചതാണ്. കഴിഞ്ഞ പാര്‍ട്ടി സമ്മേളനകാലത്ത് അച്ചടക്കനടപടിയുടെ ഭാഗമായി ജില്ലാ മുകുന്ദനെ എക്സിക്യൂട്ടീവില്‍ നിന്ന് മാറ്റിയിരുന്നു. അതിന് ശേഷം നാട്ടിക മണ്ഡലം കമ്മറ്റിയംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു മുകുന്ദന്. വരുന്ന തെരഞ്ഞെടുപ്പില്‍ നാട്ടിക മണ്ഡലം സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനം വന്നശേഷം പാര്‍ട്ടിക്കെതിരെ ഗുരുതരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളാണ് സി സി മുകുന്ദന് പൊതുസമൂഹത്തിന് മുമ്പാകെ ഉന്നയിച്ചിരിക്കുന്നത്. കൂടാതെ, കോണ്‍ഗ്രസ് നേതൃത്വവുമായി അങ്ങോട്ട് ബന്ധപ്പെട്ട് യുഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന പരസ്യനിലപാട് സ്വീകരിക്കുകയും ചെയ്തു. ഒരു പാര്‍ട്ടി അംഗവും പാര്‍ട്ടിയുടെ എംഎല്‍എയും എന്ന നിലയില്‍ പാലിക്കേണ്ടതായ പാര്‍ട്ടി അച്ചടക്കവും പാര്‍ട്ടി ബോധ്യവുമില്ലാതെ അങ്ങേയറ്റം ഗുരുതരമായ കടുത്ത അച്ചടക്കലംഘനമാണ് സി സി മുകുന്ദന് നടത്തിയിരിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.




