സീറ്റിന് അടിപിടി; കോൺഗ്രസ് നേതാക്കൾ ഇന്ന് ദില്ലിയിൽ

സ്ഥാനാർത്ഥി പട്ടിക ചർച്ചകൾക്കായി കോൺഗ്രസ് നേതാക്കൾ ഇന്ന് ദില്ലിയിൽ. സ്ഥാനാർഥി നിർണയുമായി സംസ്ഥാനത്ത് വലിയ അതൃപ്തി നിലനിൽക്കുന്നതിനിടയിൽ ആണ് ദില്ലിയിലെ തെരഞ്ഞെടുപ്പ് സമതി യോഗം. തിരുവനന്തപുരം സെൻട്രൽ സീറ്റ് സിഎംപി നേതാവ് സിപി ജോണിന് നൽകുന്നതിനെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷമാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് തിരുവനന്തപുരം സെൻട്രൽ സീറ്റ് സിപി ജോണിന് നൽകണമെന്ന് വാശി പിടിക്കുന്നത്. മണക്കാട് സുരേഷ്, ശരത് ചന്ദ്ര പ്രസാദ് ഉൾപ്പെടെ നേതാക്കൾ ഇതിനെ ശക്തമായി എതിർക്കുന്നുണ്ട്. എംപിമാർ മത്സരിക്കുന്നതിലും വലിയ തർക്കം തന്നെയാണ് നിലനിൽക്കുന്നത്.
കെ സുധാകരൻ, അടൂർ പ്രകാശ് ഉൾപ്പെടെ എംപിമാർ മത്സരിക്കണമെന്ന നിലപാടിൽ തന്നെയാണ്. അതിനിടെ ആണ് നേതൃത്വവുമായി ഇടഞ്ഞ കെ സുധാകരൻ വിപ്പ് ലംഘിച്ച് ലോക്സഭ സമ്മേളനത്തിൽ പങ്കെടുക്കാതെ കണ്ണൂരിൽ സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ പറവൂർ മണ്ഡലത്തിൽ കോൺഗ്രസിലെ പൊട്ടിത്തെറിയും നേതൃത്വത്തിന് വലിയ ആശങ്ക തന്നെയാണ്. അതിനിടെ സിപിഐഎം വിമതരെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിലും പ്രവർത്തകർക്ക് ഇടയിൽ അതൃപ്തി അതി ശക്തമാണ്.




