മുടി വെട്ടുന്നതിന്റെ തുടക്കം മുതൽ മുഖത്ത് ചിരി നിറഞ്ഞുനിന്നു’; കാൻസർ രോഗികൾക്കായി മുടി നൽകി കുഞ്ഞ് ആമ്പൽ

തിരുവനന്തപുരം: കാന്‍സര്‍ രോഗികള്‍ക്കായി മുടി നല്‍കി ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി. തിരുവനന്തപുരം സ്വദേശികളായ സന്തോഷ്-രജിത ദമ്പതികളുടെ മകള്‍ ആമ്പല്‍ (ആറ്) ആണ് കാന്‍സര്‍ രോഗികള്‍ക്കായി സ്വന്തം ഇഷ്ടപ്രകാരം മുടി വളര്‍ത്തി മുറിച്ച് നല്‍കിയത്. മകള്‍ ഇത്തരത്തില്‍ ഒരു ആഗ്രഹം പറഞ്ഞപ്പോല്‍ സന്തോഷും രജിതയും പൂര്‍ണ സമ്മതത്തോടെ ഒപ്പം നില്‍ക്കുകയായിരുന്നു. തിരുവനന്തപുരം മുളവന ഗവണ്‍മെന്റ് യുപി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആമ്പല്‍. ആമ്പലിന്റെ മാതാവ് രജിതയാണ് മുടി നല്‍കിയ വിവരം ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. നിരവധി പേരാണ് ആമ്പലിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
ഉറ്റസുഹൃത്തിനെ പോലെ സൂപ്പര്‍ ഹീറോ ആകണമെന്ന് ആമ്പല്‍ പറഞ്ഞിടത്തുനിന്നാണ് സംഭവങ്ങളുടെ തുടക്കം എന്ന് രജിത കുറിപ്പില്‍ പറയുന്നു. അന്ന് അവള്‍ക്ക് അഞ്ച് വയസായിട്ടുണ്ടായിരുന്നില്ല. ഈ ചെറുപ്രായത്തില്‍ സഹജീവികള്‍ക്കായി എന്ത് നന്മ ചെയ്യാന്‍ കഴിയും എന്നിടത്താണ് നീ സൂപ്പര്‍ ഹീറോയാകുന്നത് എന്നായിരുന്നു താന്‍ നല്‍കിയ മറുപടി. അങ്ങനെ ഈ ചെറു പ്രായത്തില്‍ ആമ്പലിന് എന്ത് ചെയ്യാന്‍ കഴിയും എന്ന് ചിന്തിച്ചപ്പോള്‍ ആണ് ഹെയര്‍ ഡൊണേഷന്‍ എന്ന ചിന്ത മനസിലേക്ക് വന്നത്. അന്ന് അവള്‍ യുകെജിയില്‍ പഠിക്കുകയാണ്. ആ സമയം അവളോട് ഹെയര്‍ ഡൊണേഷന്റെ വശങ്ങളെല്ലാം പറഞ്ഞുകൊടുത്തു. അത് അവള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ടുവെന്നും രജിത പറയുന്നു.
മുടി വളര്‍ത്തുന്നത് കണ്ടപ്പോള്‍ പലരും അതേപ്പറ്റി ചോദിച്ചു. മുടി വളര്‍ന്നാല്‍ അസുഖം വരില്ലേ, വെട്ടിക്കളഞ്ഞൂടേ എന്നൊക്കെ പറഞ്ഞവരുണ്ട്. ഈ ചോദ്യങ്ങളെ എല്ലാം ഒരു ചെറുപുഞ്ചിരിയോടെ നേരിട്ടുകൊണ്ട് തങ്ങള്‍ ലക്ഷ്യത്തിലേക്ക് കടന്നു. അങ്ങനെ മുടിക്ക് ഹെയര്‍ ഡൊണേഷന് വേണ്ട നീളമായപ്പോള്‍ അതിന് പറ്റിയ സംഘടനയെ തിരയാന്‍ തുടങ്ങി. സോഷ്യല്‍ മീഡിയയില്‍ കണ്ട പല നമ്പറുകളിലും വിളിച്ചു ചോദിച്ചു. ആരും ഇപ്പോള്‍ മുടി എടുക്കുന്നില്ലെന്ന് പറഞ്ഞു. അങ്ങനെ രണ്ട് മൂന്ന് ദിവസത്തെ തിരച്ചിലിന് ഒടുവില്‍ ഒരു പേജ് കണ്ടു. നമ്പര്‍ കണ്ടെത്തി വിളിച്ചപ്പോള്‍ അവര്‍ വീട്ടിലേക്ക് വരാമെന്ന് പറഞ്ഞു. അങ്ങനെ അവര്‍ വന്നു. ആമ്പല്‍ ചിരിച്ചുകൊണ്ട് അവളുടെ മുടി മുഴുവനായും മുറിച്ചു നല്‍കി. മുടി വെട്ടുന്നതിന്റെ തുടക്കം മുതല്‍ അവസാനം വരെ ആമ്പലിന്റെ മുഖത്ത് ചിരി നിറഞ്ഞു നിന്നു. അവള്‍ ചെയ്യാന്‍ പോകുന്ന പ്രവര്‍ത്തിയുടെ നന്മ തിരിച്ചറിഞ്ഞാണ് അവള്‍ ഇതുവരെ എത്തിയത്. അതുകൊണ്ട് തന്നെ പൂര്‍ണ മനസോടെയാണ് ആമ്പല്‍ മുടി വെട്ടുന്ന ആള്‍ക്ക് മുന്നില്‍ ഇരുന്നതെന്നും രജിത കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ആമ്പല്‍ ഞങ്ങളുടെ ‘സൂപ്പര്‍ ഹീറോ’
ഒരിക്കല്‍ ആമ്പല്‍ എന്നോട് പറഞ്ഞു അമ്മേ എനിക്ക് ബിലാലിനെ( ആമ്പലിന്റെ ബെസ്റ്റ് ഫ്രണ്ട്) തോല്‍പ്പിച്ച് സൂപ്പര്‍ ഹീറോ ആകണം എന്ന്.. അന്ന് അവള്‍ക്ക് പ്രായം 5 വയസ്സായിട്ടില്ല. അന്ന് ഞങ്ങള്‍ അവള്‍ക്ക് കൊടുത്ത മറുപടി ഇതാണ് ‘ഓടിത്തോല്‍പ്പിക്കാനും പഠിച്ചു തോല്‍പ്പിക്കാനും നിനക്കിനിയും സമയം ഉണ്ട്, അവസരങ്ങള്‍ ഉണ്ട്, അതൊക്കെ ആ സമയത്ത് നീ ചെയ്യുക, പക്ഷേ അവിടെയും നീ സൂപ്പര്‍ ഹീറോ ആകുന്നില്ല. നിന്റെ ഈ ചെറുപ്രായത്തില്‍ നിന്റെ സഹജീവികള്‍ക്ക് നിനക്കെന്ത് നന്മ ചെയ്യാന്‍ കഴിയും എന്ന് നീ ചിന്തിക്കുന്നിടത്താണ് നീ സൂപ്പര്‍ ഹീറോയാകുന്നത്. അതാണ് നീ ചെയ്യേണ്ടത്. നീ ചെയ്യുന്ന നന്മ നിനക്കു മുന്നില്‍ നില്‍ക്കുന്നവരുടെ ചുണ്ടില്‍ ഒരു സ്‌നേഹത്തിന്റെ, സന്തോഷത്തിന്റെ പുഞ്ചിരിവിടര്‍ത്താന്‍ കഴിഞ്ഞാല്‍ ആ നിമിഷം മുതല്‍ നീ സൂപ്പര്‍ ഹീറോ ആണ്.
അങ്ങനെ ഈ ചെറു പ്രായത്തില്‍ ആമ്പലിന് എന്ത് ചെയ്യാന്‍ കഴിയും എന്ന് ചിന്തിച്ചപ്പോള്‍ ആണ് ഹെയര്‍ ഡൊണേഷന്‍ എന്ന ചിന്ത മനസ്സിലേക്ക് വന്നത്. അന്നവള്‍ UKGയില്‍ പഠിക്കുന്നു. ആ സമയം മോളോട് അതിന്റെ എല്ലാ നല്ല വശങ്ങളെക്കുറിച്ചും പറഞ്ഞു കൊടുത്തു. അവള്‍ അത് പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടു. മുടി വളര്‍ത്താന്‍ തുടങ്ങിയപ്പോള്‍ കണ്ടവരില്‍ പലരും പറഞ്ഞു ചെറിയ കുട്ടിക്ക് എന്തിനിപ്പോ മുടി വളര്‍ത്തുന്നു. വെട്ടി കളഞ്ഞൂടെ. മുടിവളര്‍ന്നാല്‍ അസുഖം വരില്ലേ അങ്ങനെ നീളുന്ന ചോദ്യങ്ങള്‍. ഈ ചോദ്യങ്ങളെ എല്ലാം ഒരു ചെറുപുഞ്ചിരിയോടെ നേരിട്ടുകൊണ്ട് ഞങ്ങള്‍ ഞങ്ങളുടെ ലക്ഷ്യത്തിലേക്ക് നടന്നു.
അങ്ങനെ മുടിക്ക് ഹെയര്‍ ഡൊണേഷന് വേണ്ട നീളം ഒക്കെ ആയി കഴിഞ്ഞപ്പോള്‍ ഞാന്‍ donate ചെയ്യാന്‍ പറ്റുന്ന സംഘടനയെ തിരയാന്‍ തുടങ്ങി. സോഷ്യല്‍ മീഡിയയില്‍ കണ്ട പല നമ്പറുകളിലും വിളിച്ചു ചോദിച്ചു. ആരും ഇപ്പോ മുടി എടുക്കുന്നില്ലത്രേ. അങ്ങനെ രണ്ടു മൂന്ന് ദിവസത്തെ തിരച്ചിലിനോടുവില്‍ ആണ് Miracle Charitable Trust ന് കീഴില്‍ ഉള്ള Kerala Hair Donations എന്ന പേജ് കണ്ടത്. നമ്പര്‍ തപ്പിയെടുത്ത് വിളിച്ചു. മറുവശത്തുനിന്നും വളരെ നല്ല ഇടപെടല്‍. cancer patientsന് ഫ്രീയായിട്ട് wig ഉണ്ടാക്കിനല്‍കുന്ന ഒരു trust ആണിത്. അങ്ങനെ ഒരാഴ്ച്ചക്കകം അവരില്‍ ഒരാള്‍ വീട്ടില്‍ എത്തി. ആമ്പല്‍ ചിരിച്ചുകൊണ്ട് അവളുടെ മുടി മുഴുവനായും മുറിച്ചു നല്‍കി. മുടി വെട്ടുന്നതിന്റെ തുടക്കം മുതല്‍ അവസാനം വരെ ആമ്പലിന്റെ മുഖത്തു ചിരി നിറഞ്ഞു നിന്നു. അതെ അവള്‍ ചെയ്യാന്‍ പോകുന്ന പ്രവര്‍ത്തിയുടെ നന്മ തിരിച്ചറിഞ്ഞാണ് അവള്‍ ഇതുവരെ എത്തിയത്. അതുകൊണ്ട് തന്നെ പൂര്‍ണ്ണ മനസ്സോടെയാണ് ആമ്പല്‍ മുടി വെട്ടുന്ന ആള്‍ക്ക് മുന്നില്‍ ഇരുന്നതും. ഞങ്ങളുടെ ലക്ഷത്തിന്റെ പൂര്‍ത്തീകരണത്തിനായി ഞങ്ങളുടെ കൂടെ നിന്ന Kerala Hair Donatiosnടീമിന് ഹൃദയം നിറഞ്ഞ നന്ദി. മുടിവെട്ടുവാനായി ഒത്തിരി ദൂരം യാത്ര ചെയ്ത് ഞങ്ങളുടെ വീട്ടിലേക്കെത്തിയ ചേട്ടന് പ്രത്യേക നന്ദി അറിയിക്കുന്നു. മുടി വളരുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒത്തിരിയുണ്ടായിട്ടും ഒരു പരാതിയും ഇല്ലാതെ ഇതുവരെ നിന്ന ഞങ്ങളുടെ സൂപ്പര്‍ ഹീറോക്ക് ഒരായിരം ഉമ്മ. അതെ നീയിപ്പോ നീ ആഗ്രഹിച്ച പോലെ ഒരു സൂപ്പര്‍ ഹീറോയാണ്. ഇത് ഒരു തുടക്കം മാത്രം ആകട്ടെ. ജീവിതയാത്രയ്ക്കിടയില്‍ ഇതുപോലെ ഒത്തിരി നന്മകള്‍ ചെയ്യാന്‍ ഞങ്ങളുടെ മോള്‍ക്ക് കഴിയട്ടെ.




