Uncategorized

ഉദ്ഘാടനത്തിനൊരുങ്ങി വയനാട്ടിലെ വലിയ പാലം

മാനന്തവാടി : ജില്ലയിലെ ഏറ്റവും വലിയ പാലം ഉദ്ഘാടനത്തിനൊരുങ്ങി. മാനന്തവാടി നഗരസഭയെയും എടവക ഗ്രാമപ്പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന വള്ളിയൂർക്കാവ് പാലം ചൊവ്വാഴ്‌ച വൈകീട്ട് നാടിന് തുറന്നുകൊടുക്കും. അവസാനഘട്ടപ്രവൃത്തികൾ പുരോഗമിക്കുകയാണ്. മഴക്കാലത്ത് ദിവസങ്ങളോളം വെള്ളത്തിൽമുങ്ങിക്കിടക്കുന്ന പാലത്തെയാണ് നിലവിൽ ജനം ആശ്രയിക്കുന്നത്. രണ്ട് കാറിന് ഒരേസമയം കടന്നുപോകാൻസാധിക്കാത്ത പാലമാണിത്. കൈവരികൾ ദ്രവിച്ചതിനാൽ ഇതുവഴിയുള്ള യാത്രയും അപകടംനിറഞ്ഞതാണ്. പാലം പുനർനിർമിക്കണമെന്ന നിരന്തര ആവശ്യത്തെത്തുടർന്നാണ് പുതിയ പാലം നിർമിച്ചത്. വെള്ളപ്പൊക്കെത്തെ അതിജീവിക്കാനുതകുന്ന ഉയരത്തിലാണ് പാലം നിർമിച്ചത്. മഴക്കാലത്ത് വെള്ളത്തിൽമുങ്ങുന്ന കരിന്തിരിക്കടവ് പാലത്തെ ആശ്രയിക്കുന്നവർക്കും കമ്മന, ആറാംമൈൽ ഭാഗങ്ങളിലേക്കെത്താൻ പുതിയ പാലം സഹായകമാവും.

2019-20 വർഷ ബജറ്റിൽ അനുവദിച്ച പാലം 17.60 കോടി ചെലവിലാണ് പൂർത്തിയാക്കിയത്. പണി പൂർത്തിയാവുന്നതോടെ ജില്ലയിലുള്ള ഏറ്റവും വലിയ പാലമായി ഇതുമാറും. 12 സ്പാനിലായി 208 മീറ്റർ നീളമാണ് പാലത്തിനുള്ളത്. 11 മീറ്റർ വീതിയുള്ള പാലത്തിൽ 7.5 മീറ്ററാണ് വാഹനങ്ങൾക്ക് കടന്നുപോകാനുള്ള ഭാഗം.

ഇരുഭാഗത്തുമായി 1.75 മീറ്റർ വീതിയിൽ നടപ്പാതയുമുണ്ട്. രണ്ടുഭാഗത്തുമായി 150 മീറ്ററിൽ സമീപനറോഡുണ്ട്.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പണി ഏറ്റെടുത്ത് നടത്തിയത്. വള്ളിയൂർക്കാവ് ആറാട്ടുത്സവസമയത്ത് പ്രയാസമുണ്ടാവാതിരിക്കാനായി വയലിൽക്കൂടി നിർമിച്ച സമീപനറോഡിന് അടിവശത്തുകൂടി വാഹനങ്ങൾ കൊണ്ടുപോകാൻകഴിയുന്ന രീതിയിലാണ് നിർമാണം.

നാട് ആഘോഷത്തിൽ

വള്ളിയൂർക്കാവ് പാലം ഉദ്ഘാടത്തിനൊരുങ്ങിയതിൽ നാട് ഏറെ സന്തോഷത്തിലാണെന്ന് സംഘാടകസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. പാലം ചൊവ്വാഴ്ച‌ വൈകീട്ട് നാലിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും. മന്ത്രി ഒ.ആർ. കേളു അധ്യക്ഷതവഹിക്കും. ജില്ലാപഞ്ചായത്തംഗം ചന്ദ്രികാ കൃഷ്ണൻ മുഖ്യാതിഥിയാകും. മന്ത്രി ഒ.ആർ. കേളുവിൻ്റെ നിരന്തരശ്രമത്തിൻ്റെ ഭാഗമായാണ് പാലം യാഥാർഥ്യമായതെന്ന് സംഘാടകസമിതി ഭാരവാഹികൾ പറഞ്ഞു. പുതിയ പാലത്തിലൂടെ മാനന്തവാടി ഭാഗത്തുനിന്ന് വരുന്നവർക്ക് വള്ളിയൂർക്കാവ്-കമ്മന-ഇ.എം.എസ്. കവല വഴി കോഴിക്കോട് റോഡിലെ ആറാംമൈലിൽ എളുപ്പത്തിലെത്താം. വള്ളിയൂർക്കാവ്, ചെറ്റപ്പാലം നിവാസികൾക്ക് വെള്ളമുണ്ട, പടിഞ്ഞാറത്തറ ഭാഗങ്ങളിലേക്ക് എളുപ്പത്തിലെത്താനും പാലംകൊണ്ട് സാധിക്കും. ഇ.എം.എസ്.കവലയിൽനിന്ന് കൂളിവയൽവഴി പനമരത്തേക്ക് എളുപ്പത്തിലെത്താനും പുതിയ പാലം സഹായകമാകും. സ്വാഗതസംഘം ചെയർമാൻ ജിൽസൺ തൂപ്പുങ്കര, കൺവീനർ സി.ആർ. രമേശൻ, വള്ളിയൂർക്കാവ് വാർഡ് കൗൺസിലർ ശരണ്യാ ശ്രീജിത്ത്, എടവക ഗ്രാമപ്പഞ്ചായത്തംഗം ദീപാദേവി, എ.കെ. മോസസ്, ഷിജു ഐക്കരക്കുടിയിൽ, കെ.ആർ. രഘു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button