Uncategorized

തെറിയഭിഷേകങ്ങളിലും ആക്രോശങ്ങളിലും അത്ഭുതമില്ല’; മാധ്യമം പത്രത്തില്‍ സമരം ചെയ്തതിന് നേരിട്ട സൈബര്‍ ആക്രമണത്തെ നിയമപരമായി നേരിടുമെന്ന് വി പി റജീന

മാധ്യമം പത്രത്തിൽ ശമ്പളം നൽകാത്തതിനെതിരെ‌ സമരം ചെയ്തതിന് പിന്നാലെ ഉണ്ടായ വ്യാപക സൈബര്‍ ആക്രമണത്തെ നിയമപരമായി നേരിടുമെന്ന് വ്യക്തമാക്കി വി പി റജീന. പോരാടുകയല്ലാതെ മറ്റു വഴികളൊന്നും ഇല്ലാതാവുന്നവർക്ക് നല്ലത്, നീതിന്യായ വ്യവസ്ഥയെ ആശ്രയിക്കുക എന്നതാണെന്നും താനത് ചെയ്തിരിക്കുന്നു എന്നും റജീന ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

വ്യക്തിഹത്യക്കും തൊഴിൽ അവകാശ നിഷേധത്തിനുമെതിരെ മൂന്ന് വിവിധ പരാതികളാണ് സംസ്ഥാന പൊലീസ് മേധാവിക്കും സൈബർ സെല്ലിലും പ്രാദേശിക പൊലീസ് സ്റ്റേഷനിലും റജീന നൽകിയിരിക്കുന്നത്. അടുത്ത പരാതി കോടതിയിലേക്ക് നേരിട്ടാണെന്നും അനീതിക്കും അന്യായത്തിനുമെതിരായ പോരാട്ടത്തിൽ ഫാഷിസ്റ്റ് വിരുദ്ധരായ എല്ലാവരുടെയും പിന്തുണ തേടുന്നുവെന്നും റെജീന കുറിച്ചു.

തെറിയഭിഷേകങ്ങളിലും ആക്രോശങ്ങളിലും അത്ഭുതമൊന്നുമില്ലെന്നും ഫാസിസത്തി​ന്‍റെ ആഗമനം ഏകമുഖമായല്ലെന്നും റജീന പറയുന്നു. മുമ്പെങ്ങുമില്ലാത്ത വിധം കടുത്ത പ്രതിസന്ധിയിലൂടെയും വെല്ലുവിളികളിലൂടെയുമാണ് ജീവിതം കടന്നുപോവുന്നതെന്ന് കുറിച്ച അവർ ആക്രമണത്തിൻ്റെ പോർവിളികളുമായി എത്തുന്നവരോട് ‘നിങ്ങൾ ജീവിക്കാത്ത ജീവിതം നിങ്ങൾക്കൊരു കെട്ടുകഥയായിരിക്കും’ എന്നു മാത്രം പറയുന്നു എന്നും എഴുതി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂ‌ർണരൂപം

ആ തെറിയഭിഷേകങ്ങളിലും ആക്രോശങ്ങളിലും അൽഭുതമൊന്നുമില്ല. കാരണം, ഫാഷിസത്തി​ന്‍റെ ആഗമനം ഏകമുഖമായല്ല. അനീതിക്കെതിരെ ഉയരുന്ന ഓരോ വിരലുകൾക്കും വാക്കുകൾക്കും എതിർവശത്ത് ആദ്യം അസഹിഷ്ണുതയായും അഭ്യൂഹ പ്രചരണമായും വിദ്വേഷമായും വ്യക്തിഹത്യയായും അതുണ്ടാവും. അവയൊക്കെയും ആസൂത്രിതവും സംഘടിതവുമായിരിക്കും.

പ്രത്യക്ഷമായ അധികാരം കൈവരുമ്പോൾ കൈവിലങ്ങും തടവറയും തല്ലിക്കൊലയും മറ്റുമൊക്കെയായി അതിന് രൂപാന്തരം സംഭവിക്കും. പോരാടുകയല്ലാതെ മറ്റു വഴികളൊന്നും ഇല്ലാതാവുന്നവർക്ക് നല്ലത്, ഈ നാട്ടിൽ അവശേഷിക്കുന്ന നീതിന്യായ വ്യവസ്ഥയെ ആശ്രയിക്കുക എന്നതാണ്. ഞാനത് ചെയ്തിരിക്കുന്നു.

ജീവിതമെന്നത്, മുമ്പെങ്ങുമില്ലാത്ത വിധം കടുത്ത പ്രതിസന്ധിയിലൂടെയും വെല്ലുവിളികളിലൂടെയുമാണ് കടന്നുപോവുന്നത്. പക്ഷെ, ആക്രമണത്തിൻ്റെ പോർവിളികളുമായി എത്തുന്നവരോട് ‘നിങ്ങൾ ജീവിക്കാത്ത ജീവിതം നിങ്ങൾക്കൊരു കെട്ടുകഥയായിരിക്കും’ എന്നു മാത്രം പറയുന്നു. ഇത്തരമൊരു സാഹചര്യത്തിൽ എനിക്കും കുടുംബത്തിനും നേർക്കുള്ള വ്യക്തിഹത്യക്കും തൊഴിൽ അവകാശ നിഷേധത്തിനുമെതിരെ മൂന്ന് വിവിധ പരാതികൾ നൽകിയിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവിക്കും സൈബർ സെല്ലിലും പ്രാദേശിക പൊലീസ് സ്റ്റേഷനിലും.
അടുത്ത പരാതി കോടതിയിലേക്ക് നേരിട്ടാണ്. അനീതിക്കും അന്യായത്തിനുമെതിരായ പോരാട്ടത്തിൽ ഫാഷിസ്റ്റ് വിരുദ്ധരായ എല്ലാവരുടെയും പിന്തുണ തേടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button