Uncategorized

ഉയർന്ന താപനില: വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴിൽ സമയം മെയ് 20 വരെ പുനക്രമീകരിച്ചു

കണ്ണൂർ:പകൽ താപനില ക്രമാതീതമായി ഉയർന്നതിനാൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴിൽ സമയം മെയ് 20 വരെ പുനക്രമീകരിച്ചുകൊണ്ട് ലേബർ കമ്മീഷണർ ഉത്തരവിട്ടു. പകൽ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മണി മുതൽ മൂന്ന് മണി വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴു മണി മുതൽ വൈകുന്നേരം ഏഴു മണി വരെയുള്ള സമയത്തിനുള്ളിൽ എട്ട് മണിക്കൂറായി നിജപ്പെടുത്തി.
ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന തരത്തിലും പുനക്രമീകരിച്ചു. ഉച്ചയ്ക്ക് 12 മണി മുതൽ മൂന്ന് മണി വരെയുള്ള സമയത്ത് തൊഴിലാളികളെക്കൊണ്ട് വെയിലത്തുള്ള ജോലികൾ ചെയ്യിക്കുവാൻ പാടില്ല. വിവിധ സ്ഥലങ്ങളിൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാധ്യതയുള്ളതിനാൽ പൊതുജന താൽപര്യം മുൻനിർത്തി 1958ലെ കേരള മിനിമം വേജസ് ചട്ടങ്ങളിലെ ചട്ടം 24, 25 ലെ വ്യവസ്ഥകൾ പ്രകാരമാണ് ഉത്തരവ്. തൊഴിലിടങ്ങളിൽ പരിശോധനകൾക്ക് സ്പെഷ്യൽ സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ടെന്നും നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സസ്മെൻ്റ്) ജി ജയേഷ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button