‘പ്രധാനമന്ത്രിയെ കാണാൻ കൂട്ടിയില്ല’; കണ്ണൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ളവരെ പരിഗണിച്ചില്ലെന്ന് BJPയിൽ പരാതി

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ ബിജെപി ജനപ്രതിനിധികളുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയിൽ കണ്ണൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ളവരെ പരിഗണിച്ചില്ലെന്ന് പരാതി. പാർട്ടി പ്രതിസന്ധി നേരിടുന്ന ജില്ലകളെ നേതൃത്വം അവഗണിച്ചുവെന്നും ബലിദാനികളുടെ ജില്ലയിൽ നിന്ന് ഒരാളെയും ഉൾപ്പെടുത്തിയില്ല എന്നുമാണ് പരാതി. പാർട്ടിക്കായി ജീവൻ ബലിയർപ്പിച്ചവർ ഏറെയുള്ള ജില്ലയായാണ് കണ്ണൂരിനെ കണക്കാക്കുന്നത്. കണ്ണൂർ കോർപ്പറേഷനിൽ ഇത്തവണ നാല് സീറ്റ് ബിജെപി നേടുകയും ചെയ്തിരുന്നു. മുസ്ലിം ലീഗിന്റെ ശക്തമായ വേരോട്ടമുള്ള കടുത്ത മത്സരത്തിന് വേദിയായ മലപ്പുറം എടപ്പാൾ പഞ്ചായത്തിൽ അഞ്ച് അംഗങ്ങളാണ് എൻഡിഎക്കുള്ളത്. എന്നാൽ ഇവരെയൊന്നും പ്രധാനമന്ത്രിയെ കാണാനുള്ള യാത്രയിൽ ഉൾപ്പെടുത്തിയില്ല എന്നാണ് ഉയരുന്ന ആക്ഷേപം.
പ്രധാനമന്ത്രിയെ കാണാൻ ബിജെപി കൗൺസിലർമാർ ഫെബ്രുവരി ഒമ്പതിനാണ് ഡൽഹിയിലേക്ക് പോയത്. തിരുവനന്തപുരം നഗരസഭയിലെ 50 ബിജെപി കൗൺസിലർമാരും ഡൽഹിക്ക് പോയിരുന്നു. മേയർ വി വി രാജേഷും യാത്രയിലുണ്ടായിരുന്നു. ദേശീയ തലത്തിലെ നേതാക്കളുമായും കേന്ദ്രമന്ത്രിമാരുമായും സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. യാത്രക്കായി പട്ടിക തയ്യാറാക്കിയത് ഏകപക്ഷീയമായെന്നാണ് ഉയരുന്ന പരാതി.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ എൻഡിഎയുടെ നേതൃക്യാമ്പ് ഇന്ന് കൊച്ചിയിൽ നടക്കും. പ്രാദേശിക തലത്തിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കം ചർച്ചയാകും. സ്ഥാനാർത്ഥി നിർണയത്തിനായി ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി നാളെ തിരുവനന്തപുരത്ത് ചേരും. കീഴ്ഘടകങ്ങളിൽനിന്ന് ശേഖരിച്ച പട്ടിക പരിശോധിക്കും. ശേഷം അന്തിമ പട്ടിക മാർച്ച് ആദ്യം പ്രഖ്യാപിക്കും.




