Uncategorized

ചേർപ്പിൽ അർധരാത്രി വാടകവീട്ടിൽ 34പേർ ഒന്നിച്ചു; വീടുവളഞ്ഞത് നൂറോളം പൊലീസ്, ഞെട്ടി നാട്ടുകാർ

തൃശൂർ ചേർപ്പിൽ അർധരാത്രി വാടകവീട്ടിൽ ഒത്തുകൂടിയ മുപ്പത്തിനാലു പേരെ പൊലീസ് പിടികൂടി. കൊലക്കേസ്, വധശ്രമം ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതികളായ ഇരുപതു പേരുണ്ട് ഇക്കൂട്ടത്തിൽ. വടിവാളുകളും മുളകുപൊടിയും ഉൾപ്പെടെ ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തു.
കരുവന്നൂർ പുഴയുടെ അരികിലുള്ള വിജനമായ വീട്ടിൽ ക്രിമിനൽസംഘം ഇടയ്ക്കിടെ ഒത്തുകൂടുന്നതായി തൃശൂർ റൂറൽ എസ്.പി ബി. കൃഷ്ണകുമാറിന് രഹസ്യവിവരം കിട്ടിയിരുന്നു. ഇന്നലെ രാത്രിയും ഒത്തുകൂടൽ നടന്നതായി വിവരമറിഞ്ഞു. ലഹരിവിരുദ്ധ സംഘം, വിവിധ ‌സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥർ അങ്ങനെ നൂറോളം പേർ വീടു വളഞ്ഞു.
ഒരാൾക്കു പോലും രക്ഷപ്പെടാൻ കഴിയാത്ത വിധം വീട് വളഞ്ഞ് പിടികൂടി. ഇരുപതു പേരും സ്‌ഥിരം കുറ്റവാളികൾ. പതിനാലു പേർ പിടിക്കപ്പെടുന്നത് ആദ്യം. എന്തിനു വേണ്ടി ഒത്തുകൂടിയെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണം തുടരുകയാണ്. പത്തൊൻപതു മുതൽ നാൽപതു വയസു വരെയുള്ളവരാണ് പിടിയിലായത്. 14 ഇരുചക്ര വാഹനങ്ങളും നാലു കാറുളും കണ്ടെടുത്തു. വടിവാളുകളും മുളകുപൊടിയും കണ്ടെടുത്തു.
കൊടകര കുഴൽപ്പണക്കേസിലെ പ്രതി മാർട്ടിൻ, ചാൾസ് ബെഞ്ചമിൻ കൊലക്കേസിലെ അനുരാജ് ഉൾപ്പെടെ ഇരുപതു പേർ ക്രിമിനലുകളാണ്. ബെർത്ത്ഡേ പാർട്ടിയാണെന്ന് പ്രതികളുടെ ബന്ധുക്കൾ പറഞ്ഞു. പക്ഷേ, ക്രിമിനൽ സിൻഡിക്കേറ്റാണ് ഇക്കൂട്ടരെന്ന് പൊലീസും. അർധരാത്രി ക്രിമിനൽ സംഘത്തിനൊപ്പം എന്തിനു പോയെന്നാണ് ബന്ധുക്കളോടുള്ള പൊലീസിന്റെ മറുചോദ്യം. ഇത്രയും ക്രിമിനലുകളും പൊലീസുകാരും ഒന്നിച്ചെത്തിയതിന്റെ ഞെട്ടലിലാണ് പ്രദേശവാസികൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button