Uncategorized

കാരയ്ക്കാമണ്ഡപത്തെ സ്ഫോടനം; പാറമടകളിൽ ഉപയോഗിക്കുന്ന സ്ഫോടകവസ്‌തുക്കൾ വീട്ടിലെത്തിയത് എങ്ങനെയെന്ന് കണ്ടെത്താൻ അന്വേഷണം

തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്തിന് സമീപം വീട്ടിൽ സ്ഫോടനമുണ്ടായ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. ഫോർട്ട്‌ എസിപി ബിനുകുമാർ, നേമം സി.ഐ രഗീഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. കാരയ്ക്കമണ്ഡപം കാരക്കാട് ലെയ്‌നിൽ മൈക്കിൾ എന്നയാളുടെ വീട്ടിൽ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് സ്‌ഫോടനം നടന്നത്. ചവിട്ടുപടികൾക്ക് താഴെ പട്ടിക്കൂട് നിർമ്മിക്കുന്നതിനായി വെൽഡിംഗ് ചെയ്യുന്നതിനിടെയാണ് അപകടം. സ്ഥലത്ത് ഡോഗ് സ്ക്വാഡും ബോംബ് സ്കാഡും പരിശോധന നടത്തി.

സംഭവസ്ഥലത്ത് നിന്ന് മാരക സ്‌ഫോടന ശേഷിയുള്ള 38 ഡിറ്റണേറ്ററുകൾ ബോംബ് സ്‌ക്വാഡ് കണ്ടെത്തിയിരുന്നു. വെൽഡിംഗ് റോഡ് സിമന്‍റ് തറയിൽ തട്ടിയതോടെയാണ് പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനത്തിൽ വെൽഡിങ് ജോലിക്കെത്തിയ കരകുളം സ്വദേശി സഹായരാജിന്‍റെ (45) കൈയിലെ നാല് വിരലുകൾ അറ്റുപോയിരുന്നു. ഇയാളിപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പാറമടകളിലും ക്വാറികളിലും സ്‌ഫോടനം നടത്താൻ ഉപയോഗിക്കുന്ന സ്‌ഫോടകവസ്‌തുക്കൾ എങ്ങിനെയാണ് വീട്ടിലെത്തിയതെന്നാണ് അന്വേഷിക്കുന്നത്.

മൂന്നുമാസം മുമ്പാണ് വീട്ടുടമയായ മൈക്കിൾ വീട് വാങ്ങിയത്. ക്വാറി ലൈസൻസില്ലാത്ത ഇയാൾ എന്തിനാണ് സ്‌ഫോടകവസ്തുക്കൾ വീട്ടിൽ സൂക്ഷിച്ചതെന്ന കാര്യത്തിൽ പൊലീസിന് സംശയമുണ്ട്. വീടുവിറ്റ കരാറുകാരനെയും മുമ്പ് ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്നവരെയും പൊലീസ് ചോദ്യം ചെയ്‌തുവരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button