കാസർകോട് ദേശീയപാതയോരത്ത് കന്നുകാലികളുടെ ജഡം തള്ളി; ലോറി ഡ്രൈവർക്കെതിരേ കേസ്

പെരിയ(കാസർകോട്):ദേശീയപാതയോരത്തെ ജനവാസകേന്ദ്രത്തിൽ പോത്തുകളുടെയും കാളയുടെയും ജഡം തള്ളി. ചാലിങ്കാൽ ഇറക്കത്തിൽ ദേശീയപാതയോരത്തെ സ്വകാര്യ വ്യക്തിയുടെ മണ്ണ് നീക്കം ചെയ്ത സ്ഥലത്താണ് അറവുശാലയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ ചത്ത കന്നുകാലികളുടെ ജഡം തള്ളിയത്.
ബുധനാഴ്ച പുലർച്ചെയോടെയാണ് ജഡങ്ങൾ തള്ളിയതെന്നാണ് നിഗമനം.
സംഭവത്തിൽ ലോറിഡ്രൈവർക്കെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു.
ബൽഗാം സ്വദേശി ഉമേശ് ഗൗഡ (40) ക്കെതിരെയാണ് പോലീസ് കേസെടുത്തത്. അമ്പലത്തറ സിഐ യു.പി. വിപിനിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഡ്രൈവറെകണ്ടെത്താനായത്.
സമീപത്തെ സിസി ടിവികളിലൊന്നും ദൃശ്യങ്ങൾ ലഭിക്കാത്തതിനാൽ ജില്ലയിലെ പോത്ത് കച്ചവടക്കാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്താനായതെന്ന് പോലീസ് പറഞ്ഞു. ബൽഗാമിൽനിന്ന് 35 പോത്തുകളുമായി ഇരിയ മുട്ടിച്ചരലിലെ റഷീദും ഖാദറും നടത്തുന്ന ഫാമിലേക്കാണ് എത്തിച്ചത്. കൊണ്ടുവന്ന വയിൽ മൂന്നെണ്ണം ചത്തുപോയതിനാൽ അതിനെ ഏറ്റെടുക്കാൻ ഫാം ഉടമകൾ തയ്യാറായില്ല. കർണാടകയിലേക്കുള്ള മടക്കയാത്രയിൽ ചാലിങ്കാലിലെ മണ്ണ് നീക്കിയ സ്ഥലത്ത് പോത്തുകളുടെ ജഡങ്ങൾ തട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അന്വേഷണസംഘത്തിൽ എസ്ഐ എ.പി. കൃഷ്ണൻ, എഎസ്ഐ കെ. ജയരാജൻ എന്നിവരുണ്ടായിരുന്നു.
ജഡം തള്ളിയ വിവരമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.കെ. സബിത, വൈസ് പ്രസിഡന്റ് അഡ്വ. എം.കെ. ബാബുരാജ്, പഞ്ചായത്തംഗം എ. കൃഷ്ണൻ, പഞ്ചായത്ത് സെകട്ടറി അർജുൻ, ഹെൽത്ത് സൂപ്പർവൈവർ എം.വി. ബിജു, ഹെൽത്ത് ഇൻസ്പെക്ടർമാരായ എം.വി. അശോകൻ, ബി.കെ. ദീപ എന്നിവരും സ്ഥലം സന്ദർശിച്ചു. മൃഗങ്ങളുടെ ജഡങ്ങൾ അഴുകിത്തുടങ്ങിയതിനാൽ നാട്ടുകാരുടെ സഹകരണത്തോടെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുഴിയെടുത്ത് മൂടി.




