Uncategorized

വള്ളികുന്നത്ത് കെഐപി കനാലിലൂടെ അപ്രതീക്ഷിത ജലപ്രവാഹം; മൂന്ന് വാർഡുകൾ വെള്ളത്തിലായി

വള്ളികുന്നം: അപ്രതീക്ഷിതമായി കെഐപി കനാലിലൂടെ എത്തിയ ജലം മേഖലയിലെ മൂന്ന് വാർഡുകളെ വെള്ളത്തിലാക്കി. ഇന്നലെ പുലർച്ചെയാണ് കനാലിൽ എത്തിയ ജലത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ട് കവിഞ്ഞൊഴുകി സമീപ പ്രദേശങ്ങളിലേക്ക് കയറിയത്. പള്ളിമുക്ക്, പരിയാരത്ത്കുളങ്ങര, കടുവിനാൽ, കാഞ്ഞിരത്തിൻമൂട്, പുത്തൻചന്ത മലമേൽചന്ത തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളക്കെട്ടിലായത്. 50 വീടുകളിൽ വെള്ളം കയറി. ഇപ്പോൾ കൃഷി ചെയ്ത ഇടവിള കൃഷികളും പച്ചക്കറി കൃഷിയും ഉൾപ്പെടെ വെള്ളം കയറി നശിച്ചു.

കാട് പിടിച്ച് മാലിന്യം നിറഞ്ഞ വള്ളികുന്നം മേഖലയിലെ കെഐപി കനാൽ പൂർണമായുംവൃത്തിയാക്കിയിരുന്നില്ല. കുറച്ച് ഭാഗത്ത് യന്ത്രം ഉപയോഗിച്ച് വൃത്തിയാക്കിയിരുന്നെങ്കിലും വെട്ടിയ പുല്ല് കനാലിൽ തന്നെ നിക്ഷേപിച്ച നിലയിലായിരുന്നു. ഇതോടെ കാട് പിടിച്ച് കിടന്ന കനാലിലൂടെ ഒഴുകി എത്തിയ വെള്ളം കനാൽ കവിഞ്ഞ് പുറത്തേക്ക് ഒഴുകുകയുമായിരുന്നു. ക്രമാതീതമായി വെള്ളം എത്തുമ്പോൾ കവിയാതെ നിരപ്പിലൊഴുകാൻ സ്ഥാപിച്ച കിണറുകളും അടഞ്ഞ നിലയിലായതു പ്രശ്‌നം രൂക്ഷമാക്കി.

വെള്ളം അനിയന്ത്രിതമായി പുറത്തേക്ക് ഒഴുകാൻ തുടങ്ങിയതോടെ പ്രശ്‌നത്തിന്റെ രൂക്ഷത മനസ്സിലാക്കി സ്ഥലത്ത് എത്തിയ കെഐപി ഉദ്യോഗസ്ഥർ വെള്ളം തുറന്നുവിട്ട തെന്മല ഡാമിൽ നിന്നുള്ള വെള്ളത്തിന്റെ അളവ് കുറയ്ക്കുകയും പ്രദേശവാസികളുമായി ചേർന്നു മണ്ണ് മാന്തി ഉപയോഗിച്ച് കെട്ടിക്കിടന്ന മാലിന്യങ്ങൾ നീക്കം ചെയ്തു‌ പ്രശ്‌നത്തിനു പരിഹാരം കാണുകയുമായിരുന്നു. അടിയന്തിര സാഹചര്യം മനസ്സിലാക്കി കിലയുടെ പരിശീലനത്തിന് പോയ പഞ്ചായത്ത് പ്രസിഡന്റ് സി.അനിത, ജില്ലാ പഞ്ചായത്ത് അംഗം ബി.രാജലക്ഷ്മിയുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button