‘ആചാരങ്ങൾ പാലിക്കാൻ കഴിയുന്നവർ ക്ഷേത്രത്തിൽ പോയാൽ മതി’; മുഖ്യമന്ത്രിയുടെ പരാമർശം തള്ളി മന്ത്രി ഗണേഷ് കുമാർ
കോഴിക്കോട്: ആചാരങ്ങൾ പാലിക്കാൻ കഴിയുന്നവർ ക്ഷേത്രത്തിൽ പോയാൽ മതിയെന്ന് മന്ത്രി കെബി ഗണേഷ് കുമാർ. ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ട്. അതിൽ മാറ്റം വരുത്തണോയെന്ന് തന്ത്രിയാണ് തീരുമാനിക്കേണ്ടത്. ഭരണാധികാരികൾക്ക് നിർദേശങ്ങൾ ഉണ്ടെങ്കിൽ തന്ത്രിയുമായി കൂടിയാലോചിക്കാമെന്നും കെബി ഗണേഷ് കുമാർ പറഞ്ഞു. ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശങ്ങളെ തള്ളിക്കൊണ്ടാണ് ഗണേഷ് കുമാറിൻ്റെ പ്രതികരണം.
ആർടിഒ ഓഫീസുകളിൽ പൊതുജനങ്ങളിൽ നിന്ന് പരാതി സ്വീകരിക്കുന്നത് ഉച്ചവരെ മാത്രമാണെന്നും ഉച്ചക്ക് ശേഷം ഉദ്യോഗസ്ഥർ ഫയലുകൾ തീർപ്പാക്കണമെന്നും ഗണേഷ്കുമാർ പറഞ്ഞു. ഒരു ഫയലും അഞ്ച് ദിവസത്തിന് കൂടുതൽ പിടിച്ചു വയ്ക്കാൻ പാടില്ല. ഫയൽ പിടിച്ചു വച്ചാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും തീരുമാനം മന്ത്രിക്കും ബാധകമാണെന്നും കെബി ഗണേഷ് കുമാർ പറഞ്ഞു.
ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായുള്ള സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ വിവാദ പരാമർശമുണ്ടായത്. മനുഷ്യന്റെ ജാതി മനുഷ്യത്വമെന്നതാണ് ഗുരുവിന്റെ സന്ദേശമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷേത്രങ്ങളിൽ ഉടുപ്പ് ഊരിക്കൊണ്ടുള്ള ദർശനത്തിൽ സാമൂഹിക ഇടപെടൽ ഉണ്ടാകണമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. കാലാന്തരത്തിൽ ഇതിന് മാറ്റമുണ്ടാകുമെന്നും അഭിപ്രായപ്പെട്ടു.
സനാതന ധർമ്മത്തിന്റെ വക്താവായി ഗുരുവിനെ സ്ഥാപിക്കാൻ ശ്രമം നടത്തുകയാണ്. എന്നാൽ സനാതന ധർമത്തെ ഉടച്ചുവാർത്തയാളാണ് ഗുരുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യത്വത്തിന്റെ വിശ്വദർശനമാണ് ഗുരു ഉയർത്തിപ്പിടിച്ചത്. സാമൂഹിക പരിഷ്കർത്താവായ ഗുരുവിനെ മതനേതാവാക്കാൻ നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിയണം. സനാതന ധർമത്തിലൂടെ സ്ഥാപിക്കാൻ ശ്രമിക്കുന്നത് ബ്രാഹ്മണാധിപത്യത്തിന്റെ രാജവാഴ്ചയാണ്. ജനാധിപത്യം അലർജിയാണെന്നതിന് മറ്റെന്ത് തെളിവാണ് വേണ്ടെന്നും മുഖ്യമന്ത്രി ചോദിച്ചു.