Uncategorized

‘എന്നെ മോശക്കാരനാക്കാൻ തീവ്രവാദിയായ മാധ്യമപ്രവർത്തകനെ പറഞ്ഞുവിടുന്നു’; വീണ്ടും അധിക്ഷേപവുമായി വെള്ളാപ്പള്ളി

ആലപ്പുഴ: വീണ്ടും മാധ്യമപ്രവർത്തകരോട് തട്ടിക്കയറി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ചത് തനിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും തന്റെ അനുഭവമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്നെ മുസ്ലിം വിരോധിയാക്കാൻ ചിലർ നിരന്തരം ശ്രമിക്കുന്നു. ഞാൻ എപ്പോഴും സംസാരിക്കുന്നത് മതസൗഹാർദമാണ്. ഈ മാധ്യമപ്രവർത്തകനെ തനിക്ക് അറിയാമെന്നും അയാള്‍ മുസ്‌ലിങ്ങളുടെ വലിയ വക്താവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഈരാറ്റുപേട്ടക്കാരനായ മാധ്യമപ്രവർത്തകൻ എംഎസ്എഫ് നേതാവും തീവ്രവാദിയുമാണ്. അയാളെ ആരോ പറഞ്ഞയച്ചതാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ശിവഗിരി പോലൊരു പുണ്യസ്ഥലത്ത് നിന്ന് ചോദിക്കേണ്ട ചോദ്യമല്ല അയാൾ ചോദിച്ചത്. തന്നെ മനപ്പൂർവം മുസ്ലിം വിരോധിയാക്കാനാണ് ശ്രമിച്ചത്. ഒമ്പതര വർഷം കഷ്ടപ്പെട്ടതിന് ശേഷം തങ്ങളുടെ സാമ്രാജ്യം സൃഷ്ടിക്കുമെന്ന് വർ​ഗീയമായി പ്രസം​ഗിച്ചതൊന്നും ഒരുചാനലും ചർച്ചയാക്കിയില്ല. ശിവ​ഗിരിയിൽ താൻ വർ​ഗീയ പരാമർശം നടത്തിയത് കിട്ടിയിട്ട് ആഘോഷിക്കാനായിരുന്നു ആ​ഗ്രഹം. ശിവ​ഗിരി അത് പറയേണ്ട സ്ഥലമാണോയെന്നും അദ്ദേഹം ചോദിച്ചു. തന്നെ ഇതര മതവിരോധിയും മുസ്ലിം വിരോധിയും സ്ത്രീ വിരോധിയുമാക്കി ചിത്രീകരിക്കാനാണ് തീവ്രവാദിയായ മാധ്യമപ്രവർത്തകനെ പറഞ്ഞുവിട്ടതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

കഴിഞ്ഞ ദിവസം ഒരു ദുരനുഭവം ഉണ്ടായി. മാധ്യമങ്ങളിൽ നിന്നും അങ്ങനെ പ്രതീക്ഷിച്ചില്ല. എനിക്ക് 89 വയസ്സ് ഉണ്ട്. എന്നോട് ഒരു മര്യാദ ഇല്ലാതെ മാധ്യമങ്ങൾ വളഞ്ഞു. റിപ്പോട്ടറുടെ അപ്പൂപ്പനാകാനുള്ള പ്രായമുണ്ട് എനിക്ക്. അതിന്‍റെ മര്യാദപോലും കാണിച്ചില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. അധികാരം ഉപയോ​ഗിച്ച് മുസ്ലിം ലീ​ഗ് അനർഹമായത് നേടിയെടുത്തെന്നും സാമൂഹിക നീതി അട്ടിമറിച്ചെന്നും അദ്ദേഹം ആരോപിച്ചു. എഴുത്തച്ഛന്റെ പ്രതിമ എന്തുകൊണ്ട് തിരൂരിൽ സ്ഥാപിക്കുന്നില്ല. എല്ലാം ന്യായവാദികളല്ലേ. ആരാണ് തടസ്സമായി നിൽക്കുന്നത്. ഇതൊന്നുമില്ലാതെ മാന്യമായി മുസ്ലീങ്ങളുമായി നല്ല ബന്ധത്തിൽ പോകുമ്പോൾ എന്നെയൊരു മുസ്ലിം വിരോധിയാക്കി ചിത്രീകരിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button