മരണത്തിനും തോൽപ്പിക്കാനാവാത്ത സൗഹൃദം: കൂട്ടുകാരന്റെ കുടുംബത്തിന് തണലൊരുക്കി സഹപാഠികൾ

തൃശ്ശൂർ: “പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്. അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന.”- പീച്ചി ഗവ. ഹൈസ്കൂളിൽ 1991-ൽ എസ്എസ്എൽസി പഠിച്ചിറങ്ങിയ കൂട്ടുകാരെ കാണുമ്പോഴൊക്കെ പങ്കജാക്ഷന് (സുധി) ഈ ഒറ്റക്കാര്യം മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. എല്ലാം ശരിയാകുമെന്ന് കൂട്ടുകാരെല്ലാം സമാശ്വസിപ്പിച്ചെങ്കിലും ഒന്നും ശരിയായില്ല. മിച്ചംപിടിച്ച തുകകൊണ്ട് പീച്ചിയിലെ ചാണോത്ത് വാങ്ങിയ അഞ്ചുസെന്റിൽ വീടെന്നോണം നിർമിച്ച ഷെഡ്ഡിലേക്ക് ഏപ്രിൽ 30-ന് എത്തിയത് പങ്കജാക്ഷന്റെ മൃതദേഹമാണ്.
നാഗർകോവിലിലെ ജൂവലറിയിൽ ജീവനക്കാരനായ പങ്കജാക്ഷൻ അവിടെവെച്ചാണ് ഹൃദയാഘാതത്താൽ മരിച്ചത്. നാലിലും ഒന്നിലും പഠിക്കുന്ന മക്കളും, ഭാര്യയും അമ്മയും അടങ്ങുന്ന പങ്കജാക്ഷന്റെ കുടുംബത്തെ സഹപാഠികൾ കൈവിട്ടില്ല. ലൈഫ് മിഷനിൽപോലും കുടുംബത്തിന് വീട് കിട്ടാൻ വഴിയില്ലെന്നറിഞ്ഞതോടെ അവർ കൈകോർത്തു. പിറ്റേന്നു തുടങ്ങി വീടുണ്ടാക്കുകയെന്ന ഉദ്യമം.
ഓരോരുത്തരും തന്നാലാകുന്നത് നൽകി. പണം നൽകാനില്ലാത്തവർ വീടിനായി പണിയെടുത്ത് സഹായിച്ചു. ഇതറിഞ്ഞ് പങ്കജാക്ഷൻ ജോലിചെയ്തിരുന്ന ജൂവലറിയുടെ ഉടമകളും സഹായം നൽകി. അധ്യാപകരും സഹായവുമായെത്തി. ചെറിയ കാലയളവിൽ ചെറുതല്ലാത്ത വീട് തയ്യാറായി.
ഒൻപതുലക്ഷത്തിലേറെ ചെലവിട്ട് 700 ചതുരശ്രഅടിയിൽ എല്ലാ സൗകര്യങ്ങളുമുള്ള വീടാണ് നിർമിച്ചുനൽകിയത്. ക്രിസ്മസിന് പിറ്റേന്ന് പങ്കജാക്ഷൻ്റെ അമ്മ സരോജിനിക്ക് വീടിന്റെ താക്കോൽ കൈമാറി. പങ്കജാക്ഷന്റെ ഭാര്യ മാലതിയും മക്കളായ ഗൗരി ശങ്കറും ഹരിശങ്കറും ഉണ്ടായിരുന്നു. കൂട്ടുകാരെല്ലാമെത്തി.
അധ്യാപകരും കുടുംബസമേതം വന്നു. ജൂവലറി ഉടമയും ജീവനക്കാരുമെത്തി, വാർഷിക ഒത്തുചേരൽ ഈ വീട്ടിലാക്കി. പാലുകാച്ചലിന് വിഭവസമൃദ്ധമായ സദ്യയും കൂട്ടുകാരൊരുക്കിയിരുന്നു.




