Uncategorized

വാക്കുകൾ മുറിഞ്ഞ് സത്യൻ അന്തിക്കാട്; ബഹുമുഖ പ്രതിഭയായിരുന്നു ശ്രീനിവാസനെന്ന് സജി ചെറിയാൻ, സിനിമയിൽ വിട്ടുവീഴ്ച്ചക്ക് തയ്യാറാവാത്തയാളെന്ന് മുകേഷ്

കൊച്ചി: അന്തരിച്ച നടനും സംവിധായകനുമായ ശ്രീനിവാസനെ അനുസ്മരിച്ച് രാഷ്ട്രീയ-സിനിമാ മേഖലയിലെ പ്രമുഖർ. രണ്ടാഴ്ച്ച കൂടുമ്പോൾ ശ്രീനിവാസൻ്റെ വീട്ടിൽ പോകാറുണ്ടെന്നും രാവിലെ മുതൽ വൈകുന്നേരം വരെ വീട്ടിൽ തുടരുമെന്നും സംവിധായകൻ സത്യൻ അന്തിക്കാട്. കാലിന് സർജറി കഴിഞ്ഞ് വാക്കറിലായിരുന്നു നടന്നിരുന്നത്. തിരിച്ചുവരാൻ കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നു. ഈ തെരഞ്ഞെടുപ്പ് കാലത്ത് സന്ദേശം എന്നൊരു സിനിമയുടെ പ്രസക്തിയെ കുറിച്ച് ഞങ്ങളിരുവരും ചർച്ച ചെയ്തിരുന്നുവെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ സത്യൻ അന്തിക്കാടിന് വാക്കുകൾ പൂർത്തിയാക്കാനായില്ല. വളരെ വൈകാരികമായായിരുന്നു പ്രതികരണം.

സംവിധായകൻ എന്ന നിലയിലുള്ള ഒരു ബഹുമുഖ പ്രതിഭയായിരുന്നു ശ്രീനിവാസനെന്ന് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. സാധാരണ മനുഷ്യന്റെ ജീവിതം വളരെ അർത്ഥവത്തായി കേരളത്തിന്റെ മലയാളി മനസ്സുകളിൽ അവതരിപ്പിച്ച പ്രതിഭയായിരുന്നു അദ്ദേഹം. പ്രത്യേകിച്ച് മോഹൻലാലും ശ്രീനിവാസനും തമ്മിലുള്ള കോംബോ. മലയാള സിനിമയെ വാനോളം ഉയർത്തിയ ഒട്ടേറെ സമയങ്ങളുണ്ടായെന്നും അഭിനയത്തിൽ സൗന്ദര്യശാസ്ത്രത്തിന് പങ്കില്ലെന്ന് തെളിയിച്ച നടനാണ് ശ്രീനിവാസനെന്നും മന്ത്രി സജി ചെറിയാൻ അനുസ്മരിച്ചു.

സിനിമയ്ക്ക് വേണ്ടി ഒരു വിട്ടുവീഴ്ച്ചയും ചെയ്യാത്തയാളാണ് ശ്രീനിവാസനെന്ന് നടനും എംഎൽഎയുമായ മുകേഷ്. ഒരു തിരക്കഥ വായിച്ചാൽ 10 ചോദ്യങ്ങളെങ്കിലും ചോദിക്കുന്ന, അതിന് മറുപടി ലഭിച്ചാൽ മാത്രം മുന്നോട്ട് പോവുന്നയാളായിരുന്നു ശ്രീനിവാസനെന്ന് മുകേഷ് അനുസ്മരിച്ചു. ശ്രീനിവാസൻ്റെ അടുത്ത് പോവാൻ ഭയമായിരുന്നു. അത്രയും ഷാർപ്പായിരുന്നു ശ്രീനിവാസൻ. ശ്രീനിവാസനെ കുറിച്ച് ഇങ്ങനെ സംസാരിക്കേണ്ടി വരുമെന്ന് കരുതിയിരുന്നില്ല. 43 വർഷത്തിനുള്ളിൽ ഒരിക്കൽ പോലും ചെറിയ നീരസം പോലുമില്ലാത്ത സുഹൃത്തായിരുന്നു ശ്രീനിവാസൻ. സൃഷ്ടികൾ പോലെ തന്നെ ശ്രീനിവാസൻ്റെ ചിരിയും പ്രസിദ്ധമായിരുന്നുവെന്നും മുകേഷ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button