Uncategorized

നിർമാണത്തിന് തടസമില്ല; വയനാട് തുരങ്കപാതക്ക് എതിരായ ഹർജി ഹൈക്കോടതി തള്ളി

വയനാട് തുരങ്കപാത നിർമ്മാണം തുടരാമെന്ന് ഹൈക്കോടതി. തുരങ്കപാതയ്ക്കുള്ള പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജി ഹൈക്കോടതി തള്ളി. കൃത്യമായ പഠനം നടത്തി, വിദഗ്ധരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് അനുമതി നൽകിയതെന്ന് സർക്കാർ അറിയിച്ചു. വയനാട് പ്രകൃതി സംരക്ഷണ സമിതി എന്ന സംഘടന സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്. പദ്ധതിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നൽകിയ പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.

കൃത്യമായ പാരിസ്ഥിതികാഘാത പഠനം നടത്താതെയാണ് പദ്ധതിക്ക് പരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയതെന്നും ഹർജിക്കാർ വാദിച്ചു. മണ്ണിടിച്ചിൽ പോലുള്ള പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്നും, പദ്ധതി പ്രദേശത്തിന്റെ പാരിസ്ഥിതിക ഘടന തകർക്കുമെന്നും പദ്ധതിക്ക് അനുമതി നൽകരുത് എന്നുമായിരുന്നു ആവശ്യം.

എന്നാൽ കൃത്യമായി പഠനം നടത്തിയ ശേഷമാണ് തുരങ്ക പദ്ധതിക്ക് അനുമതി നൽകിയതെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ വ്യക്തമാക്കി. വിദഗ്ധരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പാരിസ്ഥിതി അനുമതി നൽകിയതെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും അറിയിച്ചു. പ്രദേശത്തെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുകയാണ് ലക്ഷ്യം എന്ന് സംസ്ഥാന സർക്കാരും വ്യക്തമാക്കി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വാദം അംഗീകരിച്ചാണ് പദ്ധതിയുമായി മുന്നോട്ടുപോകാൻ ഹൈക്കോടതി അനുമതി നൽകിയത്.

വയനാട്ടിലേക്കുള്ള യാത്ര എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ തുരങ്കപാതയുടെ നിർമ്മാണം ആനക്കാംപോയിൽ നിന്നാണ് തുടങ്ങുന്നത്. ഏകദേശം 9 കിലോമീറ്ററോളം ദൂരമുള്ള ഈ പാതയിൽ 8 കിലോമീറ്ററോളം ഇരട്ട ടണൽ (twin tunnel) ആയിട്ടാണ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button