ഇരിട്ടി : മാക്കൂട്ടം വഴി കർണ്ണാടകത്തിലേക്കു പോകാൻ 72 മണിക്കൂറിനുള്ളിലെടുത്ത ആർ ടി പി സി ആർ നെഗട്ടീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന പിൻവലിച്ചില്ലെങ്കിലും ഇതുവഴിയുള്ള യാത്രികർക്ക് ഏറെ ആശ്വാസം പകർന്ന് കേരളത്തിന്റെയും കർണ്ണാടകത്തിന്റെയും ആർ ടി സി ബസ്സുകൾ വെള്ളിയാഴ്ച മുതൽ സർവീസ് പുനരാരംഭിക്കാൻ തീരുമാനം. മൂന്നുമാസത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് ബസ്സുകൾ ഇന്ന് മുതൽ പുനരാരംഭിക്കുമെന്ന് കേരളാ – കർണ്ണാടകാ ആർ ടി സി അധികൃതർ അറിയിച്ചത്. ഇതിന്റെ ഭാഗമായി കർണ്ണാടക ആർ ടി സി കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലേക്ക് ഓൺലൈൻ ടിക്കറ്റുകൾ വിൽപ്പന തുടങ്ങി. മാക്കൂട്ടം ചുരം പാത വഴിയല്ലാതെ കൂട്ട – മാനന്തവാടി വഴി തിരുവനന്ത പുറത്തേക്കുള്ള സർവീസുകളും ഇതോടൊപ്പം ആരംഭിക്കും.
കേരളാ ആർ ടി സി യുടെ ബസ്സുകളും വെള്ളിയാഴ്ച തന്നെ ഇരിട്ടി – മാക്കൂട്ടം ചുരം വഴി ബംഗളൂരുവിലേക്ക് എത്തുമെങ്കിലും ശനിയാഴ്ചമുതൽ ബംഗളൂരുവിൽ നിന്നും കണ്ണൂരിലേക്കു സർവീസ് ആരംഭിക്കും. കോഴിക്കോട് ഭാഗത്തേക്ക് കുട്ട വഴിയുള്ള സർവീസുകളും ആരംഭിക്കും.
കേരളത്തിൽ നിന്നും കർണ്ണാടകത്തിലേക്ക് ആർ ടി സി സർവീസുകൾ പുനരാരംഭിക്കുന്നത് കണ്ണൂർ ജില്ലയിലെ യാത്രക്കാർക്ക് ഏറെ ആശ്വാസമായിരിക്കും. ഇപ്പോൾ യാത്രികരെല്ലാം സ്വകാര്യ വാഹനങ്ങളെയും തീവണ്ടികളെയുമാണ് ആശ്രയിക്കുന്നത്. എന്നാൽ കേരളത്തിൽ കോവിഡ് ടി പി ആറിൽ ഇപ്പോഴുള്ള ഉയർന്ന നില കുറയുന്ന പക്ഷം മാത്രമേ ആർ ടി പി സി ആർ നിബന്ധന പിൻവലിക്കാനിടയുള്ളൂ എന്നാണ് അറിയുന്നത്.