രണ്ട് ബന്ദികളുടെ മൃതദേഹം കൂടി കൈമാറി ഹമാസ്

24 മണിക്കൂറിനിടെ 100ലേറെ പേരെ ഇസ്രായേൽ കൊലപ്പെടുത്തിയതിനെത്തുടർന്ന് നിലനിന്ന അനിശ്ചിതത്വത്തിനിടെ, രണ്ടുപേരുടെ മൃതദേഹങ്ങൾ കൂടി ഹമാസ് ഇസ്രായേലിന് കൈമാറി. റെഡ് ക്രോസ് ഏറ്റുവാങ്ങിയ മൃതദേഹങ്ങൾ പിന്നീട് ഇസ്രായേൽ സൈന്യത്തിനും തുടർന്ന് ബന്ധുക്കൾക്കും കൈമാറും.
ജീവിനുള്ള ബന്ദികളെ ആദ്യദിവസം തന്നെ ഹമാസ് വിട്ടയച്ചിരുന്നു. ശേഷിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെത്താൻ കൂടുതൽ സമയം ആവശ്യമായേക്കുമെന്ന കാര്യം ഹമാസ് മുൻകൂട്ടി ഇസ്രായേലിനെ അറിയിച്ചിരുന്നു. ഇപ്പോൾ ഈജിപ്തും റെഡ് ക്രോസ് അന്താരാഷ്ട്ര സംഘവും ചേര്‍ന്ന് മൃതദേഹങ്ങൾ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്.
മൊത്തം 28 മൃതദേഹങ്ങളിൽ ഇതുവരെ 13 എണ്ണം മാത്രമാണ് കണ്ടെത്തിയിരിക്കുന്നത്. ബാക്കിയുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഇപ്പോഴും പുരോഗമിക്കുന്നു. ആദ്യമായാണ് വിദേശ സംഘങ്ങൾക്ക് ഗസയിൽ പ്രവേശനം അനുവദിച്ച് തിരച്ചിൽ നടത്താൻ ഇസ്രായേൽ അനുമതി നൽകുന്നത്. ഈജിപ്തിൽ നിന്ന് എത്തിച്ച മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കി വിവിധ ഇടങ്ങളിൽ അന്വേഷണം തുടരുകയാണ്.
ഗസയുടെ ഏകദേശം 84 ശതമാനവും ഇസ്രായേൽ ബോംബാക്രമണങ്ങളിൽ നശിച്ചതിനാല്‍ മൃതദേഹങ്ങൾ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിരിക്കാമെന്നതാണ് ഹമാസ് വ്യക്തമാക്കുന്നത്.




