സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കോവിഡ് പ്രതിരോധത്തിനുള്ള ഹോമിയോ മരുന്നു നല്‍കാനുള്ള ഹോമിയോപ്പതി വകുപ്പിന്റെ കര്‍മ പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
കരുതലോടെ മുന്നോട്ട് എന്ന പേരില്‍ ഹോമിയോപ്പതി വകുപ്പ് ഡയറക്ടര്‍ സര്‍ക്കാരിനു നല്കിയ ശിപാര്‍ശയാണ് ഈ കര്‍മപദ്ധതിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. തുടര്‍ന്ന് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഹര്‍ജി 20നു പരിഗണിക്കാന്‍ മാറ്റി.
സ്കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്കു ഹോമിയോ പ്രതിരോധ മരുന്ന് നല്കാന് സര്‍ക്കാരിനോടു നിര്ദേശിക്കണമെന്നു ആവശ്യപ്പെട്ട് അഡ്വ. എം.എസ്. വിനീത് നല്കിയ ഹര്‍ജിയിലാണു സര്‍ക്കാര്‍ ഇക്കാര്യം വിശദീകരിച്ചത്.
സ്കൂള്‍ കുട്ടികള്‍ക്ക് പ്രതിരോധ മരുന്ന് നല്കുന്നതിനു മുമ്പ് രക്ഷിതാക്കളുടെ അനുമതി വാങ്ങണമെന്നും ആവശ്യമായ മരുന്നു വാങ്ങി വിതരണം ചെയ്യാന്‍ ഹോമിയോപ്പതി ഡയറക്ടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും വ്യക്തമാക്കി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവും ഹാജരാക്കി.
കുട്ടികള്‍ക്കു വാക്സിന് നല്‍കിത്തുടങ്ങിയിട്ടില്ലാത്ത സാഹചര്യത്തില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ ഇവര്‍ക്കു ഹോമിയോ മരുന്നു നല്‍കണമെന്നാണു ഹര്ജിക്കാരന് ആവശ്യപ്പെട്ടിരുന്നത്.
ഹോമിയോ പ്രതിരോധ മരുന്നിനു കേന്ദ്ര ആയുഷ് മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും അംഗീകാരം നല്‍കിയിട്ടുണ്ട്. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഈ മരുന്ന് നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനു നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.