യുപിയില്‍ ഹിന്ദുക്കളെ വ്യാപകമായി ക്രിസ്തുമതത്തിലേക്ക് മതം മാറ്റിയെന്ന കേസുകളെല്ലാം റദ്ദാക്കി സുപ്രീം കോടതി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ഹിന്ദുക്കളെ വ്യാപകമായി ക്രിസ്തുമതത്തിലേക്ക് മതം മാറ്റിയെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസുകള്‍ റദ്ദാക്കി സുപ്രീം കോടതി. 2021ല്‍ നടപ്പാക്കിയ നിയമവിരുദ്ധ മതപരിവര്‍ത്തനം തടയല്‍ നിയമപ്രകാരമുള്ള കേസുകളാണ് റദ്ദാക്കിയത്. ക്രിമിനല്‍ നിയമങ്ങള്‍ നിഷ്ക്കളങ്കരെ ഉപദ്രവിക്കാനുള്ള ആയുധങ്ങളാക്കരുതെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ജസ്റ്റിസ് ജെ ബി പര്‍ദിവാല അദ്ധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
ഹിഗിന്‍ബോതം കാര്‍ഷിക, സാങ്കേതിക, ശാസ്ത്ര സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ രാജേന്ദ്ര ബിഹാരി ലാല്‍ ഉള്‍പ്പെടെ ഒട്ടേറെ ആളുകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണ് സുപ്രീം കോടതി റദ്ദാക്കിയത്. നടപടിക്രമങ്ങളിലെ പിഴവുകളും തെളിവുകളുടെ അഭാവവും കാരണം ദുര്‍ബലപ്പെട്ട കേസുകളാണിതെന്ന് സുപ്രീം കോടതി പറഞ്ഞു. ഇത്തരം കേസുകളില്‍ നടപടികള്‍ തുടരുന്നത് നീതിന്യായ വ്യവസ്ഥയെ അവഹേളിക്കുന്നതുപോലെയാകുമെന്നും കോടതി പറഞ്ഞു.




