സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് സംസ്ഥാന സർക്കാർ. പ്രതിവാര കോവിഡ് വ്യാപന നിരക്ക് ഏഴിൽ നിന്ന് എട്ടാക്കി ഉയർത്തി. ഇതോടെ കൂടതൽ പ്രദേശങ്ങൾ കണ്ടെയിൻമെന്റ് സോണിൽ നിന്ന് ഒഴിവാകും. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
ആയിരം പേർ ജനസംഖ്യ ഉള്ള സ്ഥലങ്ങളിൽ ഏഴ് പേർക്ക് രോഗം വന്നാൽ നിയന്ത്രണങ്ങൾ എന്നായിരുന്നു നിലവിലെ സ്ഥിതി. എന്നാൽ ഇത് എട്ടാക്കി മാറ്റാനാണ് ഇപ്പോൾ സർക്കാർ തീരുമാനം എടുത്തിരിക്കുന്നത്. ഡബ്ല്യുഐപിആർ എട്ടിന് മുകളിലുള്ള നഗര-ഗ്രാമ മേഖലകളിൽ കർശന നിയന്ത്രണം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നൽകുന്നതുമായി ബന്ധപ്പെട്ട് അടുത്ത ആഴ്ച തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ട്.