കണ്ണൂർ: കണ്ണൂർ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പാലക്കയം തട്ടിലേക്ക് ഇടുക്കി നെടുങ്കണ്ടത്തുനിന്ന് രാജാക്കാട് വഴി കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് സർവീസ് ആരംഭിക്കുന്നു. ഗതാഗത മന്ത്രി ആന്റണി രാജു ഇതുസംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കി. ജോൺ ബ്രിട്ടാസ് എംപി നൽകിയ നിവേദനത്തെത്തുടർന്നാണ് നടപടി. അനുദിനം വികസിച്ചുവരുന്ന പാലക്കയംതട്ടിന്റെ വികസനവേഗം വർധിപ്പിക്കാൻ ഗതാഗതസൗകര്യങ്ങൾ അനിവാര്യമാണെന്ന് ജോൺ ബ്രിട്ടാസ് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
രാവിലെ ആറിന് നെടുങ്കണ്ടത്തുനിന്ന് സർവീസ് ആരംഭിക്കുന്ന ബസ് രാജക്കാട്, അടിമാലി, കോതമംഗലം, തൃശൂർ, കോഴിക്കോട്, കണ്ണൂർ വഴിയാണ് സർവീസ് നടത്തുക. ബസ് രാത്രി 9.35ന് പാലക്കയംതട്ടിലെത്തും. അടുത്ത ദിവസം പുലർച്ചെ 5.10ന് തിരിച്ചുപോകുന്ന ബസ് രാത്രി 7.55ന് നെടുങ്കണ്ടത്തെത്തും. ഇടുക്കിയിലെയും കണ്ണരിലെയും ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കുന്ന ഈ സർവീസ് വിനോദസഞ്ചാര മേഖലയ്ക്ക് മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷ.