‘പലസ്തീൻ രാഷ്ട്രത്തെ പിന്തുണക്കുന്നവർ ഹമാസ് ഭീകരതക്ക് പ്രതിഫലം നൽകുന്നു’; വിമർശിച്ച് നെതന്യാഹു

പലസ്തീനെ വേറിട്ട രാഷ്ട്രമായി അംഗീകരിച്ച നടപടിയിൽ ബ്രിട്ടൺ അടക്കമുള്ള രാജ്യങ്ങൾക്കെതിരെ വിമർശനവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു കുറ്റപ്പെടുത്തി. പലസ്തീൻ രാഷ്ട്രത്തെ പിന്തുണക്കുന്നവർ ഹമാസ് ഭീകരതക്ക് പ്രതിഫലം നൽകുന്നു. അമേരിക്കിയിൽ നിന്ന് തിരിച്ചെത്തിയശേഷം മറുപടിയെന്നും നെതന്യാഹുവിന്റെ മുന്നറിയിപ്പ്.
ജോർദാൻ നദിയുടെ പടിഞ്ഞാൻ തീരത്ത് പലസ്തീൻ രാഷ്ട്രമെന്ന ആശയം യാഥാർത്ഥ്യമാകില്ലെന്ന് നെതന്യാഹു പറഞ്ഞു. കാനഡക്ക് പിന്നാലെ ഓസ്ട്രേലിയയും ബ്രിട്ടനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ പലസ്തീനെ അംഗീകരിച്ച് സംയുക്ത പ്രസ്താവന പുറത്തിറക്കിയതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം. പലസ്തീനെ പ്രത്യേകരാഷ്ട്രമായി അംഗീകരിക്കുന്നുവെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാമറുടെ പ്രഖ്യാപനം സർക്കാർ നയത്തിൽ നിർണായക മാറ്റമുണ്ടാകുന്നതിന്റെ സൂചനകൂടിയാണ്.
75വർഷം മുൻപ് ഇസ്രയേലിനെ അംഗീകരിച്ചതുപോലെ പലസ്തീനെയും അംഗീകരിക്കുന്നവെന്നായിരുന്നു കിയർ സ്റ്റാമറുടെ പ്രതികരണം. ശാശ്വതസമാധാനത്തിലേക്കുള്ള സുപ്രധാനചുവടെന്നാണ് പലസ്തീൻ പ്രസിഡൻറ് മഹമൂദ് അബ്ബാസിൻറെ പ്രതികരണം. ഫ്രാൻസും പോർച്ചുഗലും പലസ്തീൻ അനുകൂല പ്രസ്താവനയുമായി ഉടൻ രംഗത്തെത്തുമാണ് റിപ്പോർട്ട്.




