പൊള്ളുന്ന വില പേടിച്ച് എയർപോർട്ടിൽ ചായ കുടിക്കാതിരിക്കേണ്ട; സർക്കാറിന്റെ സുപ്രധാന നീക്കം, കൈയടിച്ച് യാത്രക്കാർ
കൊൽക്കത്ത: പൊള്ളുന്ന വില പേടിച്ച് വിമാനത്താവളങ്ങളിൽ നിന്ന് ഭക്ഷണം പോയിട്ട് ഒരു ചായ പോലും കുടിക്കാൻ മടിക്കുന്ന സാധാരണക്കാർക്ക് ഒരു സന്തോഷ വാർത്ത എത്തുന്നു. മിതമായ വിലയ്ക്ക് ചായയും ലഘു ഭക്ഷണവും കുടിവെള്ളവുമൊക്കെ ലഭിക്കുന്ന ഉഡാൻ യാത്രി കഫേകൾ വിമാനത്താവളങ്ങളിൽ ആരംഭിക്കാനൊരുങ്ങി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ. കേന്ദ്ര വ്യമയാന മന്ത്രി റാം മോഹൻ നായിഡു തന്നെ ഏതാനും ദിവസം മുമ്പ് ഇക്കാര്യം അറിയിച്ചിരുന്നു.
രാജ്യത്ത് ആദ്യത്തെ ഉഡാൻ യാത്രി കഫേ കൊൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആരംഭിക്കാനാണ് പദ്ധതി. വിമാനത്താവളത്തിന്റെ നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഇത് പ്രവർത്തനം തുടങ്ങും. ആഘോഷങ്ങളുടെ ഭാഗമായുള്ള ലോഗോ പ്രകാശനം മന്ത്രി നിർവഹിച്ചിരുന്നു. കൊൽക്കത്തയിലെ ഡിപ്പാർചർ ലോഞ്ചിൽ സെക്യൂരിറ്റി ഹോൾഡ് ഏരിയയ്ക്ക് മുന്നിലായിട്ടായിരിക്കും ഉഡാൻ യാത്രി കഫേ തുറക്കുക. വിജയമെന്ന് കണ്ടാൽ രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് തീരുമാനം.
ഉഡാൻ യാത്രി കഫേകളിലെ മെനുവും വിലയും ഇതുവരെ അധികൃതർ പുറത്തുവിട്ടിട്ടില്ലെങ്കിലും യാത്രക്കാരായ സാധാരൻക്കാർക്ക് താങ്ങാവുന്ന വിലയിൽ സാധനങ്ങൾ ലഭ്യമാക്കിയാൽ വിജയം ഉറപ്പാണെന്ന് യാത്രക്കാരും പറയുന്നു. നേരത്തെ ചെലവു കുറഞ്ഞ വിമാന യാത്ര സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ ഉഡാൻ പദ്ധതി കൊണ്ടുവന്നത്. ഇതിന് പിന്നാലെയാണ് വിമാനത്താവളങ്ങളിൽ ചെലവ് കുറഞ്ഞ ഭക്ഷണവും ചായയും ഒക്കെയായി ഉഡാൻ യാത്രി കഫേയും ഒരുങ്ങുന്നത്.
നിലവിൽ സാൻഡ്വിച്ചും ചായയും പോലെ ഒരു നേരത്തെ ലഘു ഭക്ഷണത്തിന് പോലും 400 രൂപയും അതിന് മുകളിലേക്കുമാണ് കൊൽക്കത്ത വിമാനത്താവളത്തിലെ നിരക്ക്. നേരത്തെ വിമാനത്താവളത്തിൽ കട്ടൻ ചായയ്ക്ക് 340 രൂപ ഈടാക്കിയതിൽ മുൻ കേന്ദ്ര മന്ത്രി പി ചിദംബരം വിമർശനമുന്നയിച്ചിരുന്നു. യാത്രക്കാരിൽ പലർക്കും ഇത്തരത്തിൽ സാധനങ്ങളുടെ വിലയിലെ കൊള്ളയെക്കുറിച്ച് പരാതികളുമുണ്ട്. ഈ സാഹചര്യത്തിലാണ് എയർപോർട്ട് അതേറിറ്റിയുടെ നിർണായക നീക്കം.