“നല്ലൊരു തിരക്കഥ പോലുമില്ലാത്ത പരബോറന്‍ യക്ഷികഥ”; ലോകയെ വിമര്‍ശിച്ച് ഡോ. ബി ഇക്ബാല്‍

ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത് കല്യാണി പ്രിയദര്ശന് കേന്ദ്ര കഥാപാത്രമായ ലോക ചാപ്റ്റര്‍ 1 : ചന്ദ്ര മികച്ച പ്രതികരണങ്ങളോടെ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. എന്നാല്‍ കേരള യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലറും ന്യൂറോസര്‍ജനുമായ ബി ഇക്ബാല്‍ ചിത്രത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റില്‍ നല്ലൊരു തിരക്കഥ പോലും ഇല്ലാത്ത പരമോറന് യക്ഷികഥ എന്നാണ് ഡോ. ഇക്ബാല്‍ ലോകയെ വിശേഷിപ്പിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
മലയാള സിനിമയില്‍ യക്ഷിബാധ!
ഇതു കുറിച്ച നേരത്തെ എഴുതണമെന്ന് കരുതിയിരുന്നു. പക്ഷേ ഇടക്ക് ചെറിയ ആരോഗ്യപ്രശ്നം വന്നതിനാല്‍ നീണ്ടുപോയി. വളരെനാള്‍ കൂടിയിരുന്നാണ് ഓണക്കാലത്ത് കുടുംബസമേതം തിയേറ്ററില്‍ പോയി ഒരു സിനിമ കണ്ടത്. അതെ അതുതന്നെ. എല്ലാവരും കണ്ണടച്ച് പുകഴ്ത്തികൊണ്ടിരിക്കുന്ന ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’. ‘ലോക’ എന്ന് പേരുള്ള സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണത്രെ ‘ചന്ദ്ര’. നമ്മുടെ പ്രിയ യുവനടന് ദുല്‍ഖര്‍ സല്മാന് അതും പ്രിയങ്കരനായ മമ്മൂട്ടിയുടെ മകന് നിര്‍മ്മിച്ച ചിത്രമായത് കൊണ്ട് പലരും സത്യം പറയാന്‍ മടിക്കുമെന്നത് കൊണ്ട് ഞാന്‍ തന്നെയങ്ങു തുറന്ന് പറഞ്ഞേക്കാം.
ഇത് വലിയൊരു കൊലച്ചതിയായി പോയി ദുല്‍ഖര്‍. ഇപ്പോഴത്തെ മലയാള സിനിമാ സൂപ്പര്‍സ്റ്റാറുകളെ പിടികൂടിയിട്ടുള്ള മെഗാബജറ്റ് മാനിയ ദുല്‍ക്കറിനെയും ബാധിച്ചിരിക്കുന്നു. ഫലം: മിതമായ ഭാഷയില്‍ പറഞ്ഞാല്‍, ‘ഭീഭത്സം’, ‘അരോചകം’ ‘അസഹ്യം” എന്നൊക്കെ മാത്രം വിശേഷിപ്പിക്കാന്‍ കഴിയുന്ന നല്ലൊരു തിരക്കഥപോലുമില്ലാത്ത ഒരു പരമബോറന്‍ യക്ഷികഥ.




