ശബരിമലയിലെ നിർദ്ദിഷ്ട ഗ്രീൻഫീൽഡ് വിമാനത്താവളത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നോഡൽ ഏജൻസിയായി കെഎസ്ഐഡിസി ചുമതലപ്പെടുത്തും. ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കിൻഫ്രയെ നിയമിക്കാനുള്ള നേരത്തെയുള്ള തീരുമാനം മാറ്റി.
എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ അക്കാഡമിക് ക്യാന്പസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ വില്ലേജിൽ നിന്നും ഏറ്റെടുക്കുന്ന ഭൂമിയുടെ എസ്റ്റാബ്ലിഷ്മെന്റ് ചാർജ് ഇനത്തിലുള്ള തുക ഇളവ് ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നാലാം ഭരണപരിഷ്കാര കമ്മീഷന്റെ അഞ്ചാമത് റിപ്പോർട്ടിലെ ശുപാർശകൾ തത്വത്തിൽ അംഗീകരിച്ചു.
ശിപാർശ നടപ്പാക്കാനാവശ്യമായ വിശദമായ നടപടിക്രമങ്ങൾ തയാറാക്കി ബന്ധപ്പെട്ട അധികാരികളുടെ അംഗീകാരം വാങ്ങേണ്ടതാണ്. വർഷത്തിൽ പതിനായിരം മെട്രിക് ടണ്‍ ഈറ്റ സൗജന്യമായി ശേഖരിക്കുന്നതിനും കൊണ്ടുപോകുന്നതിനും കേരള സ്റ്റേറ്റ് ബാംബൂ കോർപറേഷനെ അനുവദിക്കുന്നതിന് ബാംബൂ കോർപറേഷനും വനം വകുപ്പും തമ്മിൽ 2020 മുതൽ 2025 ഒക്ടോബർ വരെ സാധുതയുള്ള കരാറിൽ ഏർപ്പെടുന്നതിന് അനുമതി നൽകാനും മന്ത്രിസഭ തീരുമാനിച്ചു.