കൊല്ലത്ത് സ്വകാര്യ ബാങ്കിൽ മോഷണശ്രമം; മണിക്കൂറുകൾക്കുള്ളിൽ പ്രതി പിടിയിൽ

കൊല്ലം നിലമേലിൽ സ്വകാര്യ ബാങ്കിൽ മോഷണശ്രമം നടത്തിയ പ്രതി പിടിയിൽ. നിലമേലിൽ പ്രവർത്തിക്കുന്ന ഐ.ഡി.എഫ്.സി ബാങ്കിന്‍റെ ശാഖയിലാണ് മോഷണശ്രമം നടന്നത്. സിസിടിവി ക്യാമറയുടെ ഡി.വി.ആർ മോഷ്ടാവ് കവർന്നു. സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ നിലമേൽ സ്വദേശി മുഹമ്മദ് സമീറിനെയാണ് ചടയമംഗലം പൊലീസ് പിടികൂടിയത്.
ഐ.ഡി.എഫ്.സി ബാങ്കിന്‍റെ ശാഖയിലാണ് ശനിയാഴ്ച മോഷണശ്രമം നടന്നത്. ഐ.ഡി.എഫ്.സി ബാങ്കിന്‍റെ ബിസിനസ് കറസ്പോണ്ടൻസ് ശാഖയാണ് നിലമേലിലേത്. അവിട്ടദിനം രാത്രിയിൽ മോഷ്ടാവ് മുഹമ്മദ് സമീറിർ ബാങ്കിനുള്ളിൽ കയറി. ആദ്യം ബാങ്കിന്‍റെ ഷട്ടറിന്‍റെ പൂട്ട് പൊളിച്ചു. പിന്നാലെ ഗ്യാസ് കട്ടർ ഉപയോഗിച്ച് ബാങ്കിന് മുന്നിലെ വാതിലിൻറെ പൂട്ട് തകർത്തു. ബാങ്കിനുള്ളിൽ കടന്നെങ്കിലും പണം അപഹരിക്കാൻ സാധിച്ചില്ല.
ലോക്കർ തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. രാവിലെ ബാങ്കിലെത്തിയ ജീവനക്കാരാണ് മോഷണവിവരം അറിഞ്ഞത്. അവർ ചടയമംഗലം പൊലീസിനെ വിവരമറിയിച്ചു. പൊലീസും വിരലടയാള വിദഗ്തരും സ്ഥലത്ത് പരിശോധന നടത്തി. ലോക്കര്‍ തുറക്കാനുള്ള ശ്രമം നടത്തിയെങ്കിലും മോഷ്ടാവ് പരാജയപ്പെട്ടെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.




