മറവി രോഗിയായ വീട്ടുടമ സോഫയ്ക്ക് താഴെ വെച്ച സ്വര്‍ണമാല; ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ തെളിഞ്ഞത് പൊലീസിന്റെ കള്ളക്കഥ

തിരുവനന്തപുരം: 2025 ഏപ്രില്‍ 23 നായിരുന്നു സംഭവം. പേരൂര്‍ക്കടയില്‍ ബിന്ദു ജോലി ചെയ്തിരുന്ന വീട്ടില്‍ നിന്നും സ്വര്‍ണമാല മോഷ്ടിച്ചുവെന്നായിരുന്നു ആരോപണം. വീട്ടുടമയുടെ പരാതിയില്‍ ബിന്ദുവിനെ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി മണിക്കൂറുകളോളം കസ്റ്റഡിയിൽവെച്ചു. വെള്ളമോ ഭക്ഷണമോ പോലും നല്‍കിയില്ല. ബന്ധുക്കളേയും കാണാന്‍ അനുവദിച്ചില്ല.
വീട്ടുജോലി കഴിഞ്ഞ് മടങ്ങും വഴിയാണ് ബിന്ദുവിന് വീട്ടുടമയുടെ മാല നഷ്ടപ്പെട്ടെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനില്‍ നിന്ന് ഫോണ്‍ കോള്‍ വരുന്നത്. താന്‍ എടുത്തിട്ടില്ലെന്ന് ബിന്ദു പറഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ വിശമദായി കാര്യങ്ങള്‍ അന്വേഷിക്കാതെ ബിന്ദുവിനെ ചീത്തവിളിക്കുകയായിരുന്നു.
സ്‌റ്റേഷനില്‍ നിന്നും മഫ്തിയിലുള്ള പൊലീസ് സംഘം ബിന്ദുവിനേയും കൂട്ടി തൊണ്ടിമുതല്‍ അന്വേഷിച്ച് വീട്ടിലെത്തി. ബിന്ദുവിനേയും കൊണ്ട് ഒരു സംഘം ആളുകള്‍ വീട്ടിലേക്ക് വരുന്നത് കണ്ട് ഭര്‍ത്താവിന് ആദ്യം കാര്യം മനസ്സിലായിരുന്നില്ല. മോഷ്ടിക്കാത്ത മാലയ്ക്കു വേണ്ടി ഭക്ഷണമോ വെള്ളമോ നല്‍കാതെ ഒരു രാത്രി മുഴുവന്‍ ബിന്ദുവിനെ പൊലീസ് കസ്റ്റഡിയില്‍ വെച്ചു.
ഒടുവില്‍ മാല വീട്ടുടമയുടെ വീട്ടില്‍ നിന്ന് തന്നെ കണ്ടെത്തിയപ്പോള്‍ അത് മറച്ചുവെക്കുകയായിരുന്നു പൊലീസ്. മേലാല്‍ കണ്ടു പോകരുതെന്ന താക്കീത് കൂടി നല്‍കിയായിരുന്നു ബിന്ദുവിനെ സ്റ്റേഷനില്‍ നിന്ന് പറഞ്ഞുവിട്ടത്.
അനുഭവിച്ചതൊക്കെയും വിശദമാക്കി മുഖ്യമന്ത്രിക്കും ഡിജിപിക്കും പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പിനും ബിന്ദു പരാതി നല്‍കിയിരുന്നു. മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെ ഇടപെട്ട സാഹചര്യത്തിലാണ് ജില്ലയ്ക്ക് പുറത്തുള്ള ഉദ്യോഗസ്ഥനിലേക്ക് അന്വേഷണ ചുമതല എത്തിയത്.




