കുന്നംകുളം പൊലീസ് മർദനം: “ആരോപണവിധേയരെ സർവീസിൽ നിന്നും പുറത്താക്കണം”; മുഖ്യമന്ത്രിക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ്

തൃശൂർ: കുന്നംകുളം പൊലീസ് അതിക്രമത്തിൽ മുഖ്യമന്ത്രിക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കെ.വി. സുജിത്തിനെ മർദിച്ച പൊലീസുകാരെ സർവീസിൽ നിന്ന് പുറത്താക്കണമെന്നാണ് വി.ഡി. സതീശൻ്റെ ആവശ്യം. ഇപ്പോഴത്തെ ഡിഐജിയുടെ നിലപാട് പ്രതികളെ സംരക്ഷിക്കുന്ന രീതിയാണെന്നും വി.ഡി. സതീശൻ കത്തിൽ ആരോപിച്ചു.
സുജിത്തിനെ മർദിച്ച പൊലീസുകാർക്കെതിരെ ക്രിമിനൽ കേസെടുത്ത് തുടർനടപടികൾ സ്വീകരിക്കണമെന്നാണ് വി.ഡി. സതീശൻ കത്തിലൂടെ ആവശ്യപ്പെടുന്നത്. മനുഷ്യനെന്ന പരിഗണ പോലും നല്‍കാതെ മനുഷ്യത്വം തൊട്ടു തീണ്ടാത്ത കാടത്തമാണ് പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ക്യാമറ ഇല്ലാത്ത സ്ഥലത്ത് വച്ചും ക്രൂരമായി മര്‍ദിച്ചിട്ടുണ്ട്. തീവ്രവാദികള്‍ പോലും ചെയ്യാത്ത ക്രൂരതയാണ് ഒരു ചെറുപ്പക്കാരനോട് പൊലീസ് ചെയ്തത്. ഇവരുടെ പ്രവര്‍ത്തി പൊലീസ് സേനയ്ക്ക് മാത്രമല്ല കേരള സമൂഹത്തിനു തന്നെ നാണക്കേടുണ്ടാക്കിയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കത്തിൽ പറയുന്നു.




