Uncategorized

മധ്യപ്രദേശിൽ ആശുപത്രിക്കിടക്കയിൽ വച്ച് എലിയുടെ കടിയേറ്റ നവജാത ശിശു മരിച്ചു; 2 നഴ്‌സുമാർക്ക് സസ്‌പെൻഷൻ

മധ്യപ്രദേശിലെ ഇൻഡോറിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രികളിലൊന്നിൽ എലിയുടെ കടിയേറ്റ നവജാത ശിശു മരിച്ചു. ഇൻഡോറിലെ എംവൈ ഹോസ്പിറ്റലിലെ പീഡിയാട്രിക് സർജറി വാർഡിൽ വച്ചാണ് 2 നവജാത ശിശുക്കളെ എലി കടിച്ചത്. പരുക്കേറ്റ് ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്നാണ് കുഞ്ഞ് മരിച്ചത്. വൻ വിവാദമായ സംഭവത്തെ തുടർന്ന് ഉത്തരവാദികളായ ആശുപത്രി ജീവനക്കാരെ സസ്‌പെൻഡ് ചെയ്യുകയും വിഷയത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ഗുരുതരമായ അണുബാധയും ജന്മനാ ഉണ്ടാകുന്ന സങ്കീർണതകളുമാണ് മരണകാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ, ആശുപത്രിയുടെ അശ്രദ്ധയും വൃത്തിഹീനമായ സാഹചര്യങ്ങളും മൂലം നവജാത ശിശുക്കളുടെ വാർഡിൽ എലികളുടെ സാന്നിധ്യം തെളിവ് സഹിതം പുറത്തുവന്നതോടെ വൻ പ്രതിഷേധമാണ് ഉയരുന്നത്.

സുരക്ഷാ വീഴ്ച സമ്മതിച്ച എംജിഎം മെഡിക്കൽ കോളേജിലെ ഡീൻ ഡോ. അരവിന്ദ് ഘംഗോറിയ, വിഷയം അന്വേഷിക്കാൻ ഒരു ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. എലിയുടെ കടിയേറ്റ രണ്ടാമത്തെ നവജാത ശിശു ഇപ്പോൾ നിരീക്ഷണത്തിലാണ്. ജന്മനാ ആരോഗ്യ പ്രശ്നങ്ങളുള്ള കുട്ടിക്ക് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. സംഭവം നടന്ന ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ന‍ഴ്സുമാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. വിഷയത്തിൽ രണ്ട് നഴ്‌സിംഗ് ഇൻ-ചാർജുമാർക്കും പെരിയോപ്പറേറ്റീവ് സർജറി വിഭാഗം മേധാവിക്കും കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button