കണ്ണൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന കടയടപ്പ് സമരത്തിന് ഐക്യദാർണ്ഢ്യം പ്രഖ്യാപിച്ച് ജില്ലയിലെ ആയിരം കേന്ദ്രങ്ങളിൽ ധർണാസമരം നടത്തുമെന്ന് സമിതി ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി അറിയിച്ചു. കളക്ടറേറ്റിന് മുമ്പിലും പയ്യന്നൂർ, തളിപ്പറമ്പ്, തലശേരി, പാനൂർ, കൂത്തുപറമ്പ് , മട്ടന്നൂർ, ഇരിട്ടി, ശ്രീകണ്ഠപുരം മുൻസിപ്പൽ ഓഫീസിനു മുമ്പിലും രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെയാണ് ഉപവാസ സമരം.
സോണുകൾ നോക്കാതെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകണം, ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കുവാനുള്ള സൗകര്യം നൽകുക, ആമസോൺ, ഫ്ലിപ്കാർട്ട്, പോലുള്ള ഓൺലൈൻ കുത്തക കമ്പനികൾ നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. പത്രസമ്മേളനത്തിൽ ജനറൽ സെക്രട്ടറി പി. ബാഷിത്, എകെഡിഎ ജനറൽ സെക്രട്ടറി താജ് ജേക്കബ് എന്നിവരും പങ്കെടുത്തു.