10 പാക്കറ്റ് ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്, മലപ്പുറത്തെ ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ

മലപ്പുറം: കര്‍ക്കിടകത്തിലെ കോരിച്ചൊരിയുന്ന മഴയത്ത് വാടകവീട്ടിലിരുന്ന് മലപ്പുറം സ്പിന്നിങ് മില്‍ സ്വദേശിയായ കളത്തിങ്കല്‍ ഷെരീഫയ്ക്ക് ഒരു സ്വപ്നമേ കാണാനുണ്ടായിരുന്നുള്ളൂ. മക്കള്‍ക്ക് വയറു നിറയെ ഭക്ഷണം കൊടുത്ത്, അടച്ചുറപ്പുള്ള സ്വന്തം വീട്ടില്‍ കിടന്നുറങ്ങുക. ജോലിയില്ലാത്ത ഭര്‍ത്താവും പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി ഷെരീഫയ്ക്ക് കാണാന്‍ കഴിയുന്ന അന്നത്തെ വലിയ സ്വപ്നം. പെയിന്റിംഗ് പണിക്കാരനായ ഭര്‍ത്താവ് സക്കീറിന് മഴക്കാലത്ത് പണിയില്ല. അടുപ്പ് പുകയാന്‍ നിവൃത്തിയില്ല. അയല്‍വാസിയോട് കടം വാങ്ങിയ 100 രൂപയുമായി ഷരീഫ 10 പാക്കറ്റ് ഉണ്ണിയപ്പമുണ്ടാക്കി. 2012ലായിരുന്നു അത്. ഒരു കൈയില്‍ കുഞ്ഞുമോളും മറു കൈയില്‍ ഉണ്ണിയപ്പവുമായി അടുത്തുള്ള പലചരക്ക് കടയിലെത്തി. ചെലവായില്ലെങ്കില്‍ തിരിച്ചെടുക്കാം എന്ന ഉറപ്പില്‍. എന്നാല്‍ ഉണ്ണിയപ്പം വന്‍ ഹിറ്റായി, ആവശ്യക്കാരേറി. പല കടകളിലേക്കും ഉണ്ണിയപ്പത്തിന്റെ രുചിയെത്തി. ഉണ്ണിയപ്പത്തോടൊപ്പം പത്തിരിയുടെയും ചപ്പാത്തിയുടെയും ഓര്‍ഡറുകള്‍ പിടിച്ചു.
2018 ആയപ്പോഴേക്കും മുത്തൂസ് കാറ്ററിങ് എന്ന സംരംഭം കുടുംബശ്രീയുടെ ഭാഗമായി. അന്നത്തെ ജില്ലാ മിഷന് കോ-ഓഡിനേറ്ററായിരുന്ന ഹേമലത ധനസഹായ പദ്ധതികള്‍ പരിചയപ്പെടുത്തി. കുടുംബശ്രീ വഴി രണ്ട് ലക്ഷം രൂപ ലോണ്‍ നല്കി. അതോടെ കാറ്ററിംഗ് ഒന്നുകൂടി വിപുലമാക്കി. ഹേമലതയുടെ നിര്‍ദ്ദേശപ്രകാരം തന്നെ ഉച്ചഭക്ഷണ പരിപാടിക്കും തുടക്കമിട്ടു. സിവില്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് ഉച്ചഭക്ഷണം എത്തിക്കുന്ന ഡബ്ബ വാല പദ്ധതി. ഉച്ചഭക്ഷണം ആവശ്യമുള്ളവര്‍ ഷെരീഫയെ വിളിക്കും. സ്റ്റീല്‍ പാത്രത്തിലാക്കിയ ഉച്ചഭക്ഷണം സമയത്തിന് മേശപ്പുറത്തെത്തും. പിന്നാലെ വന്ന കൊവിഡ് കാലവും ഷരീഫയെ ബാധിച്ചില്ല. ഹേമലതയുടെ തന്നെ നിര്‍ദ്ദേശപ്രകാരം മഞ്ചേരി മെഡിക്കല്‍ കോളേജിലെ കൊവിഡ് രോഗികള്‍ക്ക് ഭക്ഷണം എത്തിക്കുന്ന ദൗത്യം ഏറ്റെടുത്തു. എല്ലാ ദിവസവും 2000 പേര്‍ക്ക് ബ്രേക്ക് ഫാസ്റ്റും കഞ്ഞിയും എത്തിച്ചു. എല്ലാവര്ക്കും ജോലി നഷ്ടമായിരുന്ന കൊവിഡ് കാലത്ത് പതിനഞ്ചോളം പേര്‍ക്ക് തൊഴില്‍ നല്‍കാനും അതുവഴി സാധിച്ചു. അഞ്ചുവര്‍ഷത്തിന് ഇപ്പുറവും ആ സേവനം ഷരീഫ തുടരുന്നുണ്ട്. എല്ലാദിവസവും പ്രഭാത ഭക്ഷണം മഞ്ചേരി മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്ക് എത്തിക്കുന്നുണ്ട്.




