ഇരിട്ടി: ഇരിട്ടി പൊതുമരാമത്ത് റസ്റ്റ് ഹൗസ് മുതല്‍ പുതിയപാലം വരെയുള്ള ഭാഗങ്ങളിലെ മരങ്ങളുടെ അടിക്കാടുകള്‍ വെട്ടണമെന്ന ആവശ്യം ശക്തം. കാല്‍നടയാത്രക്കാരുടെ സുരക്ഷിതത്വത്തിനും തലശേരി – മൈസൂരു അന്തര്‍ സംസ്ഥാനപാത മനോഹരമാക്കാനുമാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്. മരങ്ങളുടെ താഴ്ന്ന ശിഖരങ്ങളും അടിക്കാടും കാരണം പായം പഞ്ചായത്ത് ഭാഗത്തെ റോഡില്‍ നിന്ന് ഇരിട്ടി പുതിയ പാലം കാണാന്‍ സാധിക്കുന്നില്ല. റോഡരികില്‍ മാലിന്യക്കൂമ്പാരവുമുണ്ട്.
കാടുകള്‍ വെട്ടിത്തെളിച്ചും മാലിന്യം നീക്കംചെയ്തും ശുചീകരിച്ചാല്‍ പുഴയോട് ചേര്‍ന്ന റോഡില്‍ നിന്ന് യാത്രക്കാര്‍ക്ക് പുഴയുടെ ഭംഗി ആസ്വദിക്കാനും വിശ്രമിക്കാനും സാധിക്കും. തലശേരി – കുടക് പാതയിലെ യാത്രക്കാർക്ക് ചുരം കയറുന്നതിന് മുന്‍പുള്ള അവസാന താവളം എന്ന നിലയില്‍ ഒരു വിനോദ മേഖലയാക്കി മാറ്റുവാനും ഇതുകൊണ്ട് സാധിക്കും. യാതൊരുവിധ വിനോദോപാധികളുമില്ലാത്ത ഇരിട്ടിക്ക് ഇത് ഏറെ പ്രയോജനകരമാകുകയും ചെയ്യും. മരങ്ങളുടെ ശിഖരങ്ങള്‍ റോഡിലേക്ക് താഴ്ന്നു കിടക്കുന്നതിനാല്‍ മുക്കാല്‍ കിലോമീറ്ററോളം 0ഫുട്പാത്ത് വഴി കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ ബുദ്ധിമുട്ടുണ്ട്.