ശാന്ത സ്വഭാവക്കാരൻ, പ്രിയങ്കരൻ; കൊമ്പൻ കല്ലേക്കുളങ്ങര രാജഗോപാലന് കണ്ണീരോടെ വിടനൽകി ആനപ്രേമികൾ; ജഡം സംസ്കരിച്ചു
പാലക്കാട്: പാലക്കാട് കല്ലേക്കുളങ്ങര ഏമൂർ ഭഗവതി ക്ഷേത്രത്തിൻ്റെ കൊമ്പനാന കല്ലേക്കുളങ്ങര രാജഗോപാലൻ ചരിഞ്ഞു. വാത രോഗത്തെത്തുടർന്ന് ഏറെ നാളായിചികിത്സയിലായിരുന്ന കൊമ്പൻ ഇന്നലെ വൈകീട്ട് നാലോടെയാണ് കൈപ്പത്തി ക്ഷേത്രത്തിന് സമീപമുള്ള ആനക്കൊട്ടിലിൽ ചരിഞ്ഞത്. ഇന്ന് രാജഗോപാലന് വിടനൽകാൻ ആനപ്രേമികളുടെ വലിയ സംഘം ക്ഷേത്രത്തിലെത്തിയിരുന്നു. 40 വർഷത്തോളം പാലക്കാട് കല്ലേക്കുളങ്ങര ഏമൂർ ഭഗവതി ക്ഷേത്രത്തിൻ്റെ ഉടമസ്ഥതയിൽ നിരവധി ഉത്സവങ്ങൾക്ക് തിടമ്പേറ്റിയ ആനയാണ് രാജഗോപാലൻ.
ശാന്ത സ്വഭാവക്കാരനായ രാജഗോപാലൻ കുട്ടികൾക്കും സ്ത്രീകൾക്കുമടക്കം ഏറെ പ്രിയപ്പെട്ടവനായിരുന്നു. കല്ലേക്കുളങ്ങരയിലെ ആനക്കൊട്ടിലിൽ രാജഗോപാലനെ അവസാനമായി കാണാൻ ആനപ്രേമികൾഒഴുകിയെത്തി. കണ്ണീരുതോരാത്ത ഒന്നാം പാപ്പാൻ അയ്യപ്പനും രണ്ടാം പാപ്പാൻ നാരായണനും ആനപ്രേമികളുടെ മനസ്സിലും വിങ്ങുന്ന കാഴ്ചയായി. രാവിലെ ഒമ്പതോടെ രാജഗോപാലന്റെ ശരീരം സംസ്‌കരിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി. ശേഷം വാളയാർ കാട്ടിൽ സംസ്‌കരിച്ചു.